ജില്ലയിലെ എല്ലാ പുഴകളിലും മണല്‍ ഓഡിറ്റിങ് നടത്തും

പ്രളയ ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പുഴകളിലെയും മണല്‍ ഓഡിറ്റിങ് നടത്തുന്നതിന് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പുഴകളിലെയും തോടുകളിലെയും മുഴുവന്‍ കയ്യേറ്റങ്ങളും കണ്ടെത്തി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ ക്വാറികളും ജിയോളജിസ്റ്റ് പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലാതല ഉപദേശക സമിതി രൂപീകരിക്കും. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഒഴിവാക്കുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഈ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
വില്ലേജ്തല ദുരന്തനിവാരണ സമിതികള്‍ ശക്തമാക്കാനും ദുരന്ത നിവാരണത്തില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രായോഗിത തലത്തിലുള്ള ജില്ലാതല ദുരന്ത നിവാരണ പദ്ധതിയും ഘടനയും രൂപീകരിക്കും. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും.
യോഗത്തില്‍ തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സിറ്റി ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ്, സബ്കലക്ടര്‍ വിഘ്‌നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!