DISTRICT NEWSMAIN HEADLINES

ജില്ലയിലെ വാക്‌സിനേഷന്‍ സെന്റെറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

 

ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ഓരോ ദിവസവും കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. ഇതിനുള്ള നിർദ്ദേശം ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. നിലവിൽ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ് വാക്സിനേഷൻ നടത്തുന്നത്. ഇനിമുതൽ മുഴുവൻ ദിവസങ്ങളിലും  വാക്സിനേഷൻ ഉണ്ടാവും.
ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാക്‌സിനേഷനുവേണ്ടി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെങ്കിലും ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  വാക്‌സിനേഷനായുള്ള പ്രവാസികളുടെ അപേക്ഷ  പോര്‍ട്ടലില്‍ ലഭിച്ച് ഒരാഴ്ചക്കകം അവര്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.

സമ്പര്‍ക്കാന്വേഷണം (കോണ്‍ടാക്ട് ട്രേസിങ്) ശക്തിപ്പെടുത്തുകയും സാമ്പിള്‍ പരിശോധന കൂട്ടുകയും ചെയ്യാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.  തൊഴിലുറപ്പ് തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരുടെയെല്ലാം സാമ്പിള്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളണം.  തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവരില്‍ എത്ര പേര്‍ പരിശോധന നടത്തിയെന്ന് സ്ഥാപന അധ്യക്ഷന്മാര്‍ ഉറപ്പു വരുത്തണം.   60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കോ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കോ മാറ്റണം.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.  നദീതീരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം.
പഞ്ചായത്തുകള്‍ തോറും ഭിന്നശേഷിക്കാര്‍ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയും പൊതു സ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യണം.  ബഡ്‌സ് സ്‌കൂളുകള്‍ നവീകരിക്കണം.  താലൂക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ജീവകാരുണ്യ സൊസൈറ്റി രൂപീകരിച്ച് സംഭാവന സ്വീകരിക്കണം.  പഞ്ചായത്തുകള്‍ തോറും ഭിന്നശേഷി കഫേ നടത്താന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button