മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തും-മന്ത്രി എ. കെ ശശീന്ദ്രൻ


2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ.  ചികിത്സ, പൊതുജനാരോഗ്യ  സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത്‌ സംവിധാനത്തിന്റെ ജില്ലാതല  ഉദ്ഘാടനം കണ്ണാടിപ്പൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇ-ഹെൽത്ത്‌ പദ്ധതി സംസ്ഥാനത്ത് പൂർണമാവുന്ന മുറക്ക്  രോഗികളുടെ മുഴുവൻ രോഗചരിത്രം രേഖപ്പെടുത്താൻ സാധിക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ തൊട്ട് മുകളിലോട്ടുള്ള ആശുപത്രികളെ  ഉയർന്ന ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തുകയാണ് ലക്ഷ്യം. 2021-22 സാമ്പത്തിക വർഷം കഴിയുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള ലോകോത്തര നിലവാരമുള്ളവയാക്കി സർക്കാർ  ആശുപത്രികളെ  മാറ്റാൻ സാധിക്കും. അഞ്ഞുറോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. എം കമലാക്ഷി, ജില്ലാമെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ,   ഇ-ഹെൽത്ത്‌ നോഡൽ ഓഫീസർ പി. വി പ്രമോദ് കുമാർ, പനങ്ങാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ പി. ഉസ്മാൻ, സ്ഥിരം സമിതി അംഗങ്ങളായ എൽ. വി വിലാസിനി, പി.സി പുഷ്പ, കോട്ടയിൽ മുഹമ്മദ്‌, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!