ജില്ലയിലെ വാർഡ്‌ വിഭജനം പൂർത്തിയായി 141 വാർഡ്‌ കൂടുതൽ

കോഴിക്കോട്‌ : ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലുമായി 1869 വാർഡുകളിൽ ഇക്കുറി തെരഞ്ഞെടുപ്പ്‌ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വാർഡുകളുടെ എണ്ണം നിർണയിച്ച്‌ വിജ്ഞാപനമായി. മുൻവർഷത്തെ അപേക്ഷിച്ച്‌ 141 വാർഡ്‌ കൂടുതലുണ്ട്‌. പഞ്ചായത്തുകളിൽ 117 വാർഡുകളും ബ്ലോക്കിൽ 14 ഉം ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും അധികമുണ്ടാകും. മുനിസിപ്പാലിറ്റികളിൽ എട്ട്‌ വാർഡുകൾ വർധിക്കുമ്പോൾ കോർപറേഷൻ വാർഡ്‌ എണ്ണത്തിൽ ഒന്ന്‌ കൂടിയിട്ടുണ്ട്‌.
2010-ൽ നിശ്‌ചയിച്ച വാർഡുകളെ അടിസ്ഥാനമാക്കിയായിരുന്നു 2015ലെ തെരഞ്ഞെടുപ്പ്‌ നടപടികൾ. കോർപറേഷനായി മാറിയ മുനിസിപ്പാലിറ്റിയിലും മുനിസിപ്പാലിറ്റികളായി മാറിയ പഞ്ചായത്തുകളിലും മാത്രമായിരുന്നു വാർഡ്‌ വിഭജനം. 2011ലെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ വാർഡുകൾ പുനർനിർണയിച്ചിരിക്കുന്നത്‌. ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ എണ്ണം കുറഞ്ഞത്‌ 13ൽനിന്ന്‌ 14 ആയി ഉയർത്തി. പരമാവധി എണ്ണം 23ൽ നിന്ന്‌ 24ഉം ആക്കിയിട്ടുണ്ട്‌. മുനിസിപ്പൽ കൗൺസിലിലെ കുറഞ്ഞ അംഗസംഖ്യ 25ൽനിന്ന്‌ 26 ആക്കിയിട്ടുണ്ട്‌. 52 ആയിരുന്ന പരമാവധി അംഗസംഖ്യ അൻപത്തിമൂന്നുമാക്കി. കോർപറേഷൻ കൗൺസിലിൽ ഇനിമുതൽ കുറഞ്ഞ അംഗസംഖ്യ 56 ആണ്‌. നിലവിൽ ഇത്‌ 55 ആണ്‌. 100 ആയിരുന്ന കൂടിയ അംഗസംഖ്യ 101ഉം ആക്കി.
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ സംബന്ധിച്ചും വിജ്ഞാപനത്തിലുണ്ട്‌. ജില്ലയിൽ നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന 1341 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിൽ 688 എണ്ണം വനിതാ സംവരണ മണ്ഡലങ്ങളാകും. പട്ടികജാതിക്കാർക്കായി 106 വാർഡുകളുണ്ടാകും. 37 വാർഡുകൾ പട്ടികജാതിയിൽപ്പെട്ട സ്‌ത്രികൾക്കായി സംവരണം ചെയ്‌തിരിക്കുന്നു. അഞ്ച്‌ വാർഡുകളിൽ പട്ടികവർഗ സംവരണമാണ്‌.
183 ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകളിലേക്കാണ്‌ നേരിട്ട്‌ തെരഞ്ഞെടുപ്പുള്ളത്‌. ഇതിൽ 93 ഇടത്ത്‌ വനിതകളായിരിക്കും അംഗങ്ങൾ. 17 വാർഡുകൾ പട്ടികജാതിക്കാർക്കും അഞ്ചെണ്ണം പട്ടികജാതി വനിതകൾക്കും സംവരണംചെയ്‌തിരിക്കുന്നു.
ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 28 ഡിവിഷനുകളിൽ 14 ഇടത്ത്‌ സ്‌ത്രീകളാകും മത്സരിക്കുക. രണ്ട്‌ മണ്ഡലങ്ങൾ പട്ടികജാതിക്കാർക്കായും ഒന്ന്‌ പട്ടികജാതി വനിതയ്‌ക്കായും മാറ്റിയിട്ടുണ്ട്‌.
273 മുനിസിപ്പൽ വാർഡുകളിൽ 138 എണ്ണം വനിതാ സംവരണമാണ്‌. 20 സീറ്റുകൾ പട്ടികജാതിക്കാർക്കും 11 എണ്ണം പട്ടികജാതിയിൽപ്പെട്ട സ്‌ത്രീകൾക്കുമുള്ള സംവരണമാണ്‌. കോർപറേഷനിലെ 76 വാർഡുകളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ 38 വാർഡുകളിൽ സ്‌ത്രീകൾ മത്സരിക്കും. മൂന്ന്‌ വാർഡുകൾ പട്ടികജാതി സംവരണമാണ്‌. രണ്ട്‌ വീതം വാർഡുകളിൽ പട്ടികജാതി വനിതകളുമായിരിക്കും മത്സരിക്കുക.
Comments

COMMENTS

error: Content is protected !!