CALICUTDISTRICT NEWS

ജില്ലയിൽ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കൽ – യോഗം ചേര്‍ന്നു   

ജില്ലയില്‍ ട്രാഫിക് പാര്‍ക്ക്  സ്ഥാപിക്കുന്നതിനുള്ള ഉചിതമായസ്ഥലം ജില്ലാ ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി കണ്ടെത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ക്കിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ പരിപാലനവും പരിശീലനത്തിനുള്ള ചെലവും സ്വകാര്യ കമ്പനിയായ ഹോണ്ട നിര്‍വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ട്രാഫിക് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട്  ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ മോട്ടോര്‍കമ്പനിയായ ഹോണ്ടയുമായി സഹകരിച്ചാണ് ജില്ലയിൽ  പദ്ധതി നടപ്പാക്കുന്നത്.
 സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ ഹോണ്ട പ്രതിനിധികളെ ചുമതലപ്പെടുത്തി. പാര്‍ക്കിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈക്കിളിങ്ങിനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും ട്രാഫിക് പാര്‍ക്കിലുണ്ടായിരിക്കും. വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം പകരാന്‍ പാര്‍ക്ക് സഹായകമാവും. കുട്ടികളില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും പൊലീസ് വകുപ്പും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, തഹസില്‍ദാര്‍ ഇ. അനിതകുമാരി, സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടി.സി വിനീഷ്, കോഴിക്കോട് ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു, ആര്‍.ടി.ഒ എന്‍ഫോസ്‌മെന്റ് പി.എം ഷബീര്‍, കൗണ്‍സിലര്‍ പ്രശാന്ത് കുമാര്‍,  ഹോണ്ട മോട്ടോർസൈക്കിൾ &  സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്റ് & കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ്, മറ്റ് ഹോണ്ട പ്രതിനിധികൾ  തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button