CALICUTDISTRICT NEWSMAIN HEADLINES

ജില്ലയിൽ സാന്ത്വന സ്പര്‍ശം അദാലത്ത് ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളിൽ

കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള  സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ജില്ലയിൽ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളിൽ നടക്കും. മന്ത്രിമാരായ കെ.ടി ജലീൽ, ടി. പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.
അദാലത്തുമായി ബന്ധപ്പെട്ട് കലക്ടർ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം ചേർന്നു. ഫെബ്രുവരി ഒന്നിന് കൊയിലാണ്ടി താലൂക്ക്, രണ്ടിന് വടകര താലൂക്ക്, നാലിന് കോഴിക്കോട്, താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.

പൊതുജനങ്ങൾക്ക് പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ജനുവരി 24ന് ഉച്ച മുതല്‍ 28 ന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും.പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തിൽ അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ നിയോഗിക്കുമെന്ന്  കലക്ടർ പറഞ്ഞു. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി  എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍     പരിഹരിക്കാവുന്നതുമായ അപേക്ഷകൾ  തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കാനുള്ള നിർദ്ദേശമാണ് നൽകിയത്.

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്നും നിർദേ ശമുണ്ട്. യോഗത്തില്‍ എ. ഡി. എം രോഷ്‌നി നാരായണൻ, ഡെപ്യൂട്ടി കലക്ടർ സി. ബിജു, താഹസിൽദാർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.പൊതുജനങ്ങൾക്ക് ജനുവരി 24 മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button