വീട് കയറി ഗുണ്ട ആക്രമണം: ആറു പേർ അറസ്റ്റിൽ

വടകര: വള്ളിക്കാട് ബാലവാടിയിൽ വീട് കയറിയുള്ള അക്രമത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. മുട്ടുങ്ങൽ ബാലവാടിയിൽ കയ്യാല രാജീവന്റെ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ആക്രമണം നടന്നത്. നേരത്തെ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന ചെറിയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നതെന്ന് കരുതുന്നു.

റെയിൽപാളത്തിന് പരിസരത്താണ് വാക്കേറ്റമുണ്ടായത് ഇതിന് പിന്നാലെയാണ് ആക്രമണം. വീട്ടുകാർ സംഘർഷത്തിൽ ഉണ്ടായിരുന്നില്ല. വാക്കേറ്റത്തിൽ ഉണ്ടായ നാലു പേർ മഴപെയ്ത സമയത്ത് ഈ വീട്ടിൽ കയറി ഇരുന്നതാണ് വീടിനു നേരെ അക്രമം ഉണ്ടാകാൻ ഇടയായത്. 15ഓളം പേരടങ്ങുന്ന സംഘം ഇരുമ്പ് പൈപ്പുകൾ അടക്കമുള്ള ആയുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. രാജീവൻ, ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അഭിഷേക്, വീട്ടിൽ ഉണ്ടായിരുന്ന മറ്റു നാലു പേർക്കുമാണ് പരിക്കേറ്റത്. ഇവരെല്ലാം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറിയുടെ ഗ്ലാസും തകർത്തിട്ടുണ്ട്. വീട്ടുകാർ തിരിച്ചറിഞ്ഞ ആറു പ്രതികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മടപ്പള്ളി രയരങ്ങോത്ത് സ്വദേശികളായ കടുനിലം കുനിയിൽ സാരംഗ് (22), കുന്നോത്ത് താഴ കുനി നിതിൻരാജ് (29),

കുനിയിൽ താഴ ശ്രീകൃഷ്ണ ഹൗസിൽ അക്ഷയ് സുരേന്ദ്രൻ (22), കുന്നത്ത് താഴ കുനി കെ.ടി.കെ ജിഷ്ണു (26), കാട് നിലം കുനി സായന്ത് കുമാർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാരംഗിനെ വീട്ടിൽ വെച്ചും, മറ്റു അഞ്ചു പേരെ മാഹി ബാറിൽവെച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Comments

COMMENTS

error: Content is protected !!