ജിഷ്ണുവിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: നല്ലളം സ്‌റ്റേഷന്‍ പരിധിയിലുള്ള ചെറുവണ്ണൂരിൽ പോക്‌സോ കേസ് പ്രതി ജിഷ്ണു മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയിലുള്ള പരിക്കുകളാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ കൂര്‍ത്ത കല്ല് തലയില്‍ തറച്ചുകയറി ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചുകയറി. അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്.
കഴിഞ്ഞ മാസം 26ന് നല്ലളം പോലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയതിനു പിന്നാലെയാണ് ജിഷ്ണുവിനെ ഒരു മതിലിനു സമീപം അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജിഷ്ണുവിനെ അന്വേഷിച്ചെത്തിയ പോലീസുകാര്‍ മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രാഥമിക അന്വേഷണത്തിലും ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍.