ജീവനക്കാരുടെ ശമ്പളം മുടങ്ങും വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന വിധത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സർക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നൽകി. റിസർവ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല. അനുമതി കിട്ടാൻ കാലതാമസമുണ്ടായാൽ കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വേണ്ടി വരും.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനം പറയുന്നു. സംസ്ഥാനമെടുത്ത വായ്പ സംബന്ധിച്ച കണക്കുകളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്.