പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് 74കാരൻ മരിച്ച വിഷയം ഇന്ന് ഹൈക്കോടതിയിൽ

 

ആലുവ – പെരുമ്പാവൂർ റോഡ് വിഷയം ഇന്ന് ഹൈക്കോടതിയിൽ. റോഡിലെ കുഴിയിൽ വീണുള്ള പരിക്കിനെ തുടർന്ന് എഴുപത്തിനാലുകാരൻ മരിച്ച സംഭവം ഇന്നും കോടതി പരിശോധിച്ചേക്കും. ആലുവ – പെരുമ്പാവൂർ റോഡിന്റെ മരാമത്ത് പ്രവർത്തികൾക്ക് ചുമതലയുള്ള എൻജിനീയർ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശമുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വാദം കേൾക്കുന്നത്. വിജിലൻസ് സ്വീകരിച്ച നടപടികളും കോടതി വിലയിരുത്തും. എഴുപത്തിനാലുകാരനായ കുഞ്ഞു മുഹമ്മദിന്റെ മരണകാരണം കുഴിയിൽ വീണുള്ള പരിക്ക് മാത്രമല്ലെന്നും, ഷുഗർ ലെവൽ കുറവായിരുന്നുവെന്ന് മകൻ പറഞ്ഞെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.

ആലുവ- പെരുമ്പാവൂർ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആലുവ- മൂന്നാർ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ എതിർപ്പുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

റോഡിലെ കുഴിയിൽവീണ് യാത്രക്കാരൻ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമർശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ബുദ്ധിമുട്ട്.എന്തിനാണ് പിഡബ്ല്യുഡി എൻജിനീയർമാർ.ആലുവ–പെരുമ്പാവൂർ റോ‍‍ഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എൻജിനീയർ ഹാജരാകണം. രണ്ട് മാസത്തിനിടെ എത്രപേർ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയപാതയിലെ അപകടത്തിൽ ഒറ്റദിവസംകൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.

പത്തുലക്ഷം മുടക്കി ഒരുമാസം മുമ്പാണ് ആലുവ–പെരുമ്പാവൂർ സംസ്ഥാനപാത അറ്റകുറ്റപ്പണി നടത്തിയത്. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിലാണ് ഇപ്പോൾ നടുവൊടിക്കുന്ന കുഴികൾ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി.

Comments

COMMENTS

error: Content is protected !!