“ജീവിതമേയുലകം നാളെ നടപ്പത് ആരറിവാൻ” ജീവിതത്തിലും അഭിനയത്തിലും അവസാന രംഗം വരെ ശ്രീഹരി കാത്തിരുന്നില്ല

 

കൊയിലാണ്ടി: പത്മനാഭൻ നാട്ടുകാർകൊക്കെ പ്രിയപ്പെട്ട ചെറുപ്പക്കാരനായിരുന്നു. സമൂഹത്തിലെ എല്ലാവിധ കൊള്ളരുതായ്മകൾക്കെതിരേയും വിട്ടുവീഴ്ചയില്ലാതെ പൊരുതിയ സഖാവ് പപ്പൻ. നീതിക്ക് വേണ്ടിയുള ഈ യാത്രക്കിടയിലാണ് അയാൾ നീതിബോധമുളള സുന്ദരിയായ ശാന്തയെ കണ്ടുമുട്ടുന്നത്. അവർ അനുരാഗബദ്ധരാകുന്നു. പിന്നീടവർ വിവാഹിതരും സഹപോരാളികളുമാകുന്നു.

 

കാലചക്രം തിരിയുന്നതിനിടയിൽ നാട്ടുകാരുടെ പപ്പേട്ടൻ ഇരുട്ടിന്റെ ശക്തികളാൽ കൊലചെയ്യപ്പെടുന്നു. ശാന്ത ആ നിമിഷത്തിൽ നിന്ന് പോരാട്ടത്തിന്റെ കൊടി ഏറ്റുവാങ്ങുകയാണ്. പപ്പൻ എന്ന വിപ്ലവകാരിയുടെ കാലടിപ്പാടുകളിലൂടെ കാലത്തിൽ നടക്കുകയാണ്.
കേട്ടിട്ടെന്ത് തോന്നുന്നു?പതിറ്റാണ്ടുകളായി കേരളം കണ്ടുമടുത്ത ഒരു ക്ലീഷേ നാടകം. അതേ.. പക്ഷേ ആ നടകം ഒരു നടന്റെ ജീവിതമേറ്റെടുത്താലോ?

 

അതാണ് പെരുവട്ടൂരിലെ അമൃത കൃപയിൽ എസ് ശ്രീഹരിയുടെ ജീവിതത്തിൽ സംഭവിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ അവതരിപ്പിച്ച ചേമഞ്ചേരി കലാവേദിയുടെ ‘ശാന്ത’ എന്ന നാടകത്തിലെ നായികാനായകന്മാരായിരുന്നു ശ്രീഹരിയും ഭാര്യ ഗോപികയും. നാടകാവതരണം കഴിഞ്ഞ് 48 മണിക്കൂറിനകമാണ് ഹൃദയാഘാതം മൂലം ശ്രീഹരിയുടെ ജീവിതാന്ത്യം സംഭവിച്ചത്. അരുതായ്മകളെ ചെറുക്കുകയും നാടിന്റെ എല്ലാ നന്മകളോടും ചേർന്നു നിൽക്കുകയും ചെയ്തായിരുന്നു ശ്രീഹരിയുടെ യഥാർത്ഥ ജീവിതവും.

നാൽപ്പതാം വയസ്സിൽ ആ ഹൃദയം പ്രവർത്തിക്കാൻ കൂട്ടാക്കാതെ നിലച്ചപ്പോൾ, നാടിന്റെ ഹൃദയസ്പന്ദനം തന്നെയാണ് കുറേ ദിവസങ്ങളിലേക്കെങ്കിലും നിലച്ചു പോയത്. കഴിഞ്ഞ രണ്ട് വർഷമായി പെരുവട്ടൂർ എൽ പി സ്കൂളിന്റെ പി ടി എ പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു ശ്രീഹരി. കഴിഞ്ഞ പ്രവേശനോത്സവം വിജയിപ്പിക്കാനും സജീവമായി രംഗത്തുണ്ടായിരുന്നു. അക്ബർ ട്രാവൽസിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്ന ശ്രീഹരി നാട്ടിലെ എല്ലാവിധ സാമൂഹ്യ ഇടപെടലുകളുടേയും മുൻ നിരയിലുണ്ടായിരുന്ന ചെറുപ്പക്കാരനാണ്. കലാപ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്നു. നല്ല ഒരു കളരി അഭ്യാസി കൂടിയായിരുന്നു. ഗൗരീപാർവതി, ഗായത്രി എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ്, ശ്രീഹരിയുടെ പതാകയേന്തി ഇനി മുന്നോട്ടു പോകണ്ടത്.

Comments

COMMENTS

error: Content is protected !!