KERALAUncategorized

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗാ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ യോഗയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. ചുരുങ്ങിയത് 20 പേര്‍ക്കെങ്കിലും യോഗ പരിശീലിക്കാനുള്ള വേദി ഉറപ്പാക്കുകയും അതുവഴി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു. ഇതു കൂടാതെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 590 വനിതാ യോഗ ക്ലബ്ബുകള്‍ കൂടി ആരംഭിക്കുന്നു.

ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജീവിതശൈലീ പ്രചരണത്തിനായി ആയുഷ് ഗ്രാമം പദ്ധതിയും ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തുമാണ് സമ്പൂര്‍ണ യോഗ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാനത്ത് ആര്‍ദ്രം ജീവിത ശൈലീ സ്‌ക്രീനിംഗ് ആരംഭിച്ചത്. ഇതുവരെ 30 വയസിന് മുകളിലുള്ള 1.41 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി. ഇത് രാജ്യത്തിന് തന്നെ മാതൃകയായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ വിജയാംബിക, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പിസിഒ ഡോ. ഷീല, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍, ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button