ജീവിതശൈലീ രോഗ സ്‌ക്രീനിങ്‌ ആദ്യഘട്ടം പൂർത്തിയാക്കി വയനാട്‌

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീരോഗ സാധ്യതാ സ്‌ക്രീനിങ്‌ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട പഞ്ചായത്തുകളാണ് ലക്ഷ്യം പൂർത്തിയാക്കിയത്.

വയനാട്ടിൽ ക്യാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 55,703 പേരെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിങ്‌ നടത്തി രോഗസാധ്യത വിലയിരുത്തിയത്. ജില്ലയിൽ ഇല്ലാത്തവരൊഴികെ ഈ പഞ്ചായത്തുകളിലെ 97 ശതമാനത്തോളം പേരെ സ്‌ക്രീൻ ചെയ്യാനായി. അതിൽ 10,575 പേരാണ് റിസ്‌ക് ഫാക്ടറിലുള്ളവർ. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കും.

സംസ്ഥാനത്ത്‌ ഇതുവരെ 17 ലക്ഷത്തിലധികം പേരെ സ്‌ക്രീനിങ്‌ നടത്തി. 17,15,457 പേരെ സ്‌ക്രീനിംഗ് നടത്തിയതിൽ 19.18 ശതമാനം പേർ (3,29,028) ഏതെങ്കിലും ഗുരുതര രോഗം വരാൻ സാധ്യതയുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിലാണ്‌. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. 10.96 ശതമാനം പേർക്ക് (1,87,925) രക്താതിമർദ്ദവും, 8.72 ശതമാനം പേർക്ക് (1,49,567) പ്രമേഹവും, 4.55 ശതമാനം പേർക്ക് (69,561) ഇവ രണ്ടും സ്ഥിരീകരിച്ചു.

Comments

COMMENTS

error: Content is protected !!