KERALA

ഞെളിയന്‍പറമ്പിന് അവധി നല്‍കി. നഗരമാലിന്യങ്ങള്‍ ഇനി വെസ്റ്റ്ഹില്ലിലേക്ക്

കോഴിക്കോട്  നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാളെ മുതൽ ഞെളിയൻ പറമ്പിലേക്ക് കൊണ്ടുപോകില്ല. വെസ്റ്റ്ഹില്ലിൽ പകരം താത്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ആണ്  മൂന്നുമാസത്തേക്ക് ഇവിടെ ശേഖരിക്കുക. ഞെളിയൻ പറമ്പിലെ അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഫെബ്രുവരി ഇരുപതോടെ നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത് നീക്കംചെയ്ത് പ്ലാസ്റ്റിക്കും നല്ല മണ്ണും വേർതിരിച്ചെടുക്കുന്ന ബയോമൈനിങ്ങുംകൂടി പൂർത്തിയായാൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം തുടങ്ങും.

ബയോമൈനിങ് ഏകദേശം പൂർത്തിയായതായി കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. ആറ് മെഗാവാട്ട് ശേഷിയുള്ള പ്ലാൻറാണ് നിർമിക്കുന്നത്. 450 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയും. 2023- ൽ കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്ലാസ്റ്റിക് കൂടെ നീക്കിയാലെ നിർമാണം തുടങ്ങാൻ കഴിയുകയുള്ളൂ. നിലവിൽ വാഹനംപോലും അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയാത്ത രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.

പ്ലാൻറ് പ്രവർത്തനസജ്ജമാവുന്നതുവരെ നിലവിൽ ജൈവമാലിന്യം വളമാക്കുന്ന പ്രവൃത്തി തുടരും. 80 മുതൽ 100 ടൺവരെ മാലിന്യമാണ് ഒരുദിവസം പ്ലാൻറിലെത്തുന്നത്. അതിൽനിന്ന് ദിവസം 70 ടണ്ണോളം വളമുണ്ടാക്കുന്നുണ്ട്. 12 ഏക്കറിലധികം ഭൂമിയാണ് ബെംഗളൂരു ആസ്ഥാനമായ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോർപ്പറേഷൻ കൈമാറിയത്. കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, ഒളവണ്ണ, കടലുണ്ടി, കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയ്ക്കും വൈദ്യുതപ്ലാൻറിന്റെ പ്രയോജനം ലഭിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button