തൃശൂർ പൂരം സമാപിച്ചു

 

തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനമായി.  മഴയുടെ ആശങ്കകൾക്ക് ഇടയിലും പകൽ പൂരം ദേശക്കാർ ആഘോഷമാക്കി മാറ്റി. അതേസമയം കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച പ്രധാന വെടിക്കെട്ട് വൈകിട്ട് ഏഴിന് നടക്കും.

ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖം നിന്ന്, അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുകയായിരുന്നു. 

അതിനുമുമ്പ് മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ മതിലകത്തേക്ക് പ്രവേശിച്ചതോടെ പകൽ പൂരത്തിന്‍റെ വെടിക്കെട്ടിന് ഒരുക്കമായി. ചെറിയ തോതിൽ വെടിക്കെട്ടും നടന്നു. ചൊവ്വാഴ്ച രാത്രി കനത്ത മഴ മൂലം മാറ്റി വെച്ച വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് നടത്തുമെന്ന പ്രഖ്യാപനം ഉള്ളതിനാൽ നിരവധിയാളുകൾ ഇപ്പോഴും നഗരത്തിലുണ്ട്. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30നാണ്.

 

Comments

COMMENTS

error: Content is protected !!