ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; നഗരം വീർപ്പുമുട്ടുന്നു.
കൊയിലാണ്ടിയിലെ ട്രാഫിക്ക് പരിഷ്കരണങ്ങൾ ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല. കൊട്ടിഘോഷിച്ച് റോഡിന് നടുവിൽ ഡിവൈഡറിന് പകരമായി വെച്ച പൂഴി ചാക്കുകൾ വാഹനങ്ങൾ ഇടിച്ചു നിരത്തുന്നു. അവ റോഡിൽ ചിതറി വീണ് ഉള്ള സൗകര്യങ്ങൾ കൂടി ഇല്ലാതാവുന്നു. ട്രാഫിക് ബ്ലോക്കിനിടയിൽ മധ്യഭാഗത്തുകൂടെ കടന്നുപോയിരുന്ന ആംബുലൻസുകൾ പോലും ബ്ലോക്കിലകപ്പെടുന്ന സ്ഥിതിയുണ്ടാവുന്നു. വെള്ള പെയിന്റടിച്ച് സ്ഥാപിച്ച താർവീപ്പകൾ ഞളുങ്ങിക്കൂടിക്കിടകുന്നു. പുതുതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കിംഗ് സിസ്റ്റവും സീബ്രാലൈനും തമ്മിലുള്ള വ്യത്യാസം സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്നില്ല. അവർ സീബ്രാ ലൈനാണെന്ന് കരുതി സ്പീഡ് ബ്രേക്കർ വഴിയാണ് മിക്കവാറും റോഡ് മുറിച്ചു കടക്കുന്നത്.
ഫ്ലൈ ഓവർ ജംഗ്‌ഷനിൽ ചെറിയൊരു റൗണ്ട്എബൗട്ട് പോലെ നടത്തിയ പരിഷ്കാരങ്ങൾ നഗര മധ്യത്തിലെ കഞ്ചംഗ്ഷൻ ചെറുതായി കുറച്ചിട്ടുണ്ട്. ദേശീയ പാതയിൽ റോഡരികിൽ വാഹനങ്ങൾ നിർത്തരുത് എന്ന പോലീസിന്റെ അറിയിപ്പ് ബോർഡുകളായി സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താതു കൊണ്ട് വഴിയരികിൽ വാഹനങ്ങൾ നിർത്താൻ യാത്രക്കാർ നിർബന്ധിതരാകുകയാണ്. മത്സ്യ മാർക്കറ്റ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ‘നോഎൻട്രി, ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരയോഗ്യമായ പകരം സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന പരിഷ്കാരങ്ങൾ കൊയിലാണ്ടിയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല.
വികസിപ്പിക്കാവുന്ന ഇടറോഡുകൾ വികസിപ്പിച്ച് ബൈപ്പാസുകളായി ഉപയോഗിക്കാനാവണം. ബസ്‌സ്റ്റാന്റിലേക്ക് വരുന്നതും പോകുന്നതുമായ ബസ്സുകൾക്ക് നഗരത്തിൽ പ്രവേശിക്കാതെ ഇടറോഡ് വഴി സ്റ്റാന്റിൽ പ്രവേശിക്കാനും കടന്നുപോകാനും സൗകര്യമൊരുക്കിയാൽ തന്നെ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിർദ്ദേശങ്ങൾ പതിറ്റാണ്ടുകളായി നഗരസഭയുടെ അലമാരകളിൽ പൊടിപിടിച്ചു കിടക്കുകയാണ്.