CALICUT
ട്രോളിങ് നിരോധനം അവസാനിക്കുന്നു ബോട്ടുകൾ കടലിലേക്ക്
![](https://calicutpost.com/wp-content/uploads/2019/07/download-2-4.jpg)
52 ദിവസത്തെ ഇടവേളയ്ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക്. മൺസൂൺകാല നിരോധന കാലാവധി ബുധനാഴ്ച അർധരാത്രിയോടെ തീരും. ട്രോളിങ് നിരോധന കാലത്ത് കരയ്ക്കു കയറ്റിയ ബോട്ടുകളിൽ ഭൂരിഭാഗവും പുതുമോടിയിൽ ഹാർബറുകളിലെത്തി.
ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാർബറുകളിലായി ആയിരത്തി ഇരുന്നൂറോളം മീൻപിടിത്ത ബോട്ടുകളാണുള്ളത്. ഇതിൽ പകുതിയും ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനത്തിലേർപ്പെടുന്നത്. പുതിയാപ്പയിൽ മുന്നൂറിലേറെ ബോട്ടുകളുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കടലിലിറങ്ങാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഈ ബോട്ടുകൾ.
യാഡുകളിലും പ്രത്യേക കേന്ദ്രങ്ങളിലും ആദ്യവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് ഹാർബറുകളിലെത്തുന്നത്. ഇവിടെ നിന്നാണ് ഇന്ധനം, ആവശ്യമായ ഐസ്, റേഷൻ എന്നിവ കയറ്റുന്നത്. ബേപ്പൂരിൽ ഡീസൽ ബങ്ക് നേരത്തെ തന്നെ തുറന്നിരുന്നു. വലകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്.
മികച്ച മത്സ്യക്കൊയ്ത്ത് പ്രതീക്ഷിച്ചാണ് ട്രോളിങ് നിരോധനത്തിനു ശേഷം തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത്.
എന്നാൽ, മത്സ്യദൗർലഭ്യം ബോട്ടുടമകളെ ആശങ്കപ്പെടുത്തുന്നുണ്ട്. രജിസ്ട്രേഷൻ ഫീസ് നിരക്കുകൾ ഗണ്യമായി വർധിപ്പിച്ചതും വെല്ലുവിളിയാണ്. ഫീസ് നിരക്കുകൾ കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനമാണ് ഏക പ്രതീക്ഷ.
Comments