ദേശീയ പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി–- ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ആഹ്വാനംചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക്‌  ചൊവ്വാഴ്‌ച അർധരാത്രി ആരംഭിക്കും.  തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ 30 കോടിയോളം പേർ പങ്കെടുക്കും.

 

പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ 175 കർഷക, കർഷകത്തൊഴിലാളി യൂണിയനുകൾ  ഗ്രാമീൺബന്ദ്‌ ആചരിക്കും. അറുപതോളം വിദ്യാർഥി സംഘടനകളും വിവിധ സവകലാശാലാ യൂണിയൻ ഭാരവാഹികളും  പിന്തുണ അറിയിച്ചതായി കേന്ദ്ര ട്രേഡ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സിഐടിയു ജനറൽസെക്രട്ടറി തപൻസെൻ, അശോക്‌സിങ്ങ്‌ (ഐഎൻടിയുസി), അമർജിത്‌കൗർ (എഐടിയുസി), ഹർഭജൻസിങ് സിദ്ധു (എച്ച്‌എംഎസ്‌), രാജീവ്‌ദിമ്‌രി (എഐസിസിടിയു), ശത്രുജിത്‌ ( യുടിയുസി), സത്യവാൻ (എഐയുടിയുസി) എന്നിവർ പങ്കെടുത്തു.

 

പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകുമെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  അവശ്യസർവീസുകളായ പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീർഥാടന വാഹനങ്ങളെയും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.  പണിമുടക്ക്‌ കേന്ദ്രസർക്കാരിന്‌ ശക്തമായ താക്കീതാകുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Comments

COMMENTS

error: Content is protected !!