Uncategorized

ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു

ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാർ പണിമുടക്കിയത്.  മെഡിക്കൽ കോളജുകളിൽ അടക്കം ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികൾ വലഞ്ഞു. വൈകിട്ട് ആറ് മണി വരെയാണ് സമരം. 

ന്യായമായ ആവശ്യങ്ങൾ ഉയർത്തിയിരുന്നു സമരമെങ്കിലും വലഞ്ഞത് രോഗികളാണ്. എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി. ഐഎംഎ സംസ്ഥാന ഘടകം, കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയനുകൾ എന്നിവരെല്ലാം പണിമുടക്കിൽ അണിനിരന്നതോടെ ആരോഗ്യമേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായി. പണിമുടക്കിയ ഡോക്ടർമാർ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.

പല ആശുപത്രികളിലും ചികിത്സ കിട്ടാതെ മിക്ക രോഗികളും മടങ്ങി. കോഴിക്കോട്ട് ദൂരെ സ്ഥലങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിയ രോഗികൾ ആംബുലൻസുകളിൽ ഏറെ നേരം കാത്തുകിടന്നു. സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്. പല സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിച്ചു. അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങൾ പ്രവർത്തിച്ചില്ല. ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ഡോക്ടർമാർ കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. ഐഎംഎയുടെ നേതൃത്ത്വത്തിലായിരുന്നു ധർണ. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ലാബ് ടെക്നീഷ്യൻസ്  അസോസിയേഷൻ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് ആറി മണി വരെയാണ് പ്രതിഷേധ ധർണ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button