Uncategorized

ഡോ. വന്ദനയുടെ കൊലപാതകത്തില്‍ വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോ. വന്ദനയുടെ കൊലപാതകത്തില്‍ വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി.

വന്ദനാദാസിന്റെ കൊലപാതകം നടന്ന് 83-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് കുറ്റപത്രം ജില്ലാ കോടതിയിലാണ് ഉള്ളത്. അതിനിടെയാണ് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തുവന്നത്. കൂടാതെ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ വീഴ്ച കൊണ്ടാണ് മകള്‍ മരിച്ചത്. അതുകൊണ്ട് അവര്‍ തന്നെ അന്വേഷിച്ചാല്‍ മകള്‍ക്ക് നീതി ലഭിക്കില്ലെന്നുമാണ് വന്ദനാദാസിന്റെ മാതാപിതാക്കളുടെ മുഖ്യ ആരോപണം. നിലവില്‍ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ് വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.

എന്തുകൊണ്ടാണ് കേസ് സിബിഐയ്ക്ക് വിടാത്തത് എന്ന് മാതാപിതാക്കള്‍ കോടതിയില്‍ ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പരാതി ലഭിച്ചതായും പരിശോധിച്ചു വരുന്നതുമായാണ് ഡിജിപി മറുപടി നല്‍കിയത്. പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇതില്‍ തീരുമാനമാകുന്നത് വരെ പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button