മുൻ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനർ നിയമനം

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് രാജിവയ്ക്കേണ്ടി വന്ന മുൻ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനർ നിയമനം നൽകി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റേയും കായിക മന്ത്രി അബുറഹിമാന്‍റേയും പേഴ്സണൽ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. സജി ചെറിയാന്‍റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേരെ വീതമാണ്  മന്ത്രിമാരായ മുഹമ്മദ് റിയാസിന്‍റേയും  അബുറഹിമാന്‍റേയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ ഈ രണ്ട് മന്ത്രിമാരുടേയും സ്റ്റാഫുകളുടെ  എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നു. സജി ചെറിയന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദു റെഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ എണ്ണം 25 ആണ്. 

സജി ചെറിയാൻ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ  മുഹമ്മദ് റിയാസിന്‍റേയും അബുറഹിമാന്‍റേയും സ്റ്റാഫിലേക്ക് മാറ്റിയത്. സ്റ്റാഫുകൾക്ക് പെൻഷൻ ഉറപ്പാക്കാൻ ആണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറാം തിയതിയാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയ ഒരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണൽ സ്റ്റാഫിന്‍റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം.ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.

Comments

COMMENTS

error: Content is protected !!