തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.അപകടത്തില്‍ വളവിനോട് ചേര്‍ന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു.പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന രണ്ടാം റെയില്‍വേ ഗേറ്റിന് സമീപമാണ് ടാങ്കര്‍ മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ചോളാരിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിദഗ്ധരെത്തി ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊന്നിലെക്ക് മാറ്റുമെന്ന് പോലിസ് അറിയിച്ചു.

കണ്ണൂര്‍ തലശേരി ദേശീയ പാതയില്‍ ഗ്യാസ് ലോറികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ പോലിസ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. രാത്രികാല വാഹനപരിശോധനയും പിഴയീടാക്കലും ശക്തമാക്കിയതിനെ തുടര്‍ന്ന് അപകടങ്ങള്‍ക്കു കുറവ് വന്നിരുന്നു. നിയമങ്ങള്‍ ലംഘിച്ചാണ് ഗ്യാസ് ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നതെന്ന ജനങ്ങളുടെ പരാതിയിലാണ് പോലിസ് നടപടിയെടുത്തത്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് പരിശോധനയില്‍ അയവു വന്നതോടെ ഇപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുകയാണ്.

Comments

COMMENTS

error: Content is protected !!