തലാലിന്റെ കുടുംബത്തെ കാണാൻ നിമിഷ പ്രിയയുടെ അമ്മയും മകളും; യെമനിലേക്ക് പോവാൻ കേന്ദ്രത്തിന്റെ അനുമതി തേടി
കാസർകോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി തേടി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. നിമിഷ പ്രിയയുടെ അമ്മയും മകളുമടങ്ങുന്ന സംഘമാണ് യെമനിലേക്ക് പോവാനൊരുങ്ങുന്നത്. ഇതിനായുള്ള അനുമതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ആക്ഷൻ കൗൺസിൽ.
മരിച്ച തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയും എട്ട് വയസ്സുള്ള മകളും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിലെ നാല് പേരുമാണ് അനുമതി തേടിയിരിക്കുന്നത്. ജയിലിൽ നിമിഷ പ്രിയയെ അമ്മയ്ക്കും മകൾക്കും കാണാൻ അവസരമൊരുക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നുണ്ട്. നിമിഷ പ്രിയയെ രക്ഷിക്കാൻ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുടുംബം അവസാന വട്ട ശ്രമമെന്ന നിലയിൽ യെമനിലേക്ക് പോവുന്നത്.