CRIMETHAMARASSERI

താമരശ്ശേരിയിൽ ജൂവലറിയിൽ കവർച്ച16 പവൻ സ്വർണവും 65,000 രൂപയും മോഷ്ടിച്ചു

താമരശ്ശേരി: ദേശീയപാതയ്ക്കരികിലെ ജൂവലറിയുടെ പൂട്ട് കുത്തിത്തുറന്ന് 16 പവനോളം സ്വർണവും 65,000 രൂപയും കവർന്നു. താമരശ്ശേരി പഴയ സ്റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്‌സിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

126.890 ഗ്രാം തൂക്കംവരുന്ന കുട്ടികൾക്കായുള്ള സ്വർണവളകളും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് അപഹരിക്കപ്പെട്ടത്. താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജ്, ഇൻസ്പെക്ടർ എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ജൂവലറിയിൽ തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

ജൂവലറിയിലെ സി.സി ടി.വി ക്യാമറ പ്രവർത്തനരഹിതമായതിനാൽ സമീപത്തെ കടകളിൽ നിന്നുള്ള സി.സി ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരുകയാണെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ സമീപത്തെ കട തുറക്കാനെത്തിയ പച്ചക്കറിവ്യാപാരിയാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ട് സംഭവം ഉടമകളിലൊരാളെ വിളിച്ചറിയിച്ചത്. കടയുടെ വലതുവശത്തെ ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്ന്, ഷട്ടർ ഉയർത്തി ഉൾവശത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ജൂവലറിക്കകത്ത്‌ ഗ്ലാസ് കഷണങ്ങൾ ചിതറിക്കിടന്നിരുന്നു.

ആഭരണങ്ങൾ വെച്ച ട്രേകളും പണംവെച്ച മേശയും ഫയലുകളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് ജൂവലറി പാർട്ണറായ ഉണ്ണികുളം ഉണ്ണിണികുന്നുമ്മൽ അബ്ദുൾ സലീം അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button