താമരശ്ശേരി-വര്യട്ട്യാക്ക്‌ റോഡ് ചെളിക്കുളം

താമരശ്ശേരി: തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് സംഭവം. മാനിപുരം-താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് എതിരെ പോയ ഒരു വാഹനത്തിന് സൈഡ് കൊടുക്കാനായി റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി. വാഹനം ഒതുക്കിനിർത്തി മുന്നോട്ട് എടുക്കാനാവാതെ റോഡിലെ ചെളിക്കുഴിയിൽ ബസ്സിന്റെ ടയർ ആഴ്ന്നു. ബസ്സിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് ചെളിയിൽ ടയർ താഴ്ന്നുപോയ ബസ്സിനെ തള്ളിനീക്കി മുന്നോട്ടാക്കിയത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈപ്പാസ് ആയി ഉപയോഗിക്കാവുന്ന താമരശ്ശേരിയിലെ പ്രധാന നിരത്തിന്റെ ദുരവസ്ഥയ്ക്ക് ഒരുദാഹരണം മാത്രമാണിത്.

 

താമരശ്ശേരിയിൽനിന്ന് കാരാടി, മാനിപുരം, കുന്ദമംഗലം, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താവുന്ന താമരശ്ശേരി-വര്യട്ട്യാക്ക്‌ റോഡാണ് അര കിലോമീറ്ററോളം ദൈർഘ്യത്തിൽ തകർന്നത്. കള്ള്ഷാപ്പ് മുതൽ രണ്ടാം വളവ് വരെയുള്ള ഇരുനൂറ് മീറ്ററോളം ഭാഗത്ത് റോഡിൽ നിറച്ച മണ്ണ് മഴ പെയ്ത് ചെളിക്കുളമായ നിലയിലാണ്. കാൽ നടയാത്രക്കാരും ബൈക്ക് യാത്രികരും വഴുതിവീഴുന്ന വിധത്തിലാണ് റോഡിന്റെ പ്രതലം. റോഡിന്റെ ഭൂരിഭാഗവും ഗ്രാനുലാർ സബ് ബേസ് ഇട്ട് നിരപ്പാക്കിയ സാഹചര്യത്തിലാണ് അരക്കിലോമീറ്ററോളം ഭാഗത്ത് മാത്രം ഗതാഗതം ദുഷ്കരമായിരിക്കുന്നതെന്നതാണ് കൗതുകകരം. ഒരു വശത്ത് റോഡിന്റെ പ്രവൃത്തിയും ഓവുചാലിന്റെ നിർമാണവും പുരോഗമിക്കുമ്പോഴാണ് ഏതാനും ഭാഗം മാത്രം മണ്ണിട്ട് നികത്തിയത്. ഇവിടെ ഗ്രാനുലാർ സബ് ബേസ് ഇട്ട് നിരപ്പാക്കിയശേഷം മാത്രം ഓവുചാൽ നിർമാണമുൾപ്പെടെ തുടങ്ങിയാൽ മതിയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം വളവുകളുള്ളതിനാൽ ഇരുവശത്തും ഓവുചാൽ നിർമാണം പൂർത്തിയാക്കി ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടഞ്ഞ ശേഷം മാത്രമേ ഇവിടെ നവീകരണം പൂർത്തീകരിക്കാനാവൂവെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ വാദം. മഴ പ്രതീക്ഷ തെറ്റിച്ചില്ലെങ്കിൽ ഈ മാസംതന്നെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ വാഗ്ദാനം.

 

ടി.എസ്. ഹൃദ്യ (അസി.എഞ്ചിനീയർ, പി.ഡബ്ല്യു.ഡി)

 

ഓവുചാൽ നിർമാണവും റോഡ് നവീകരണവും ഉടൻ തന്നെ പൂർത്തിയാക്കും. വരട്ട്യാക്കിൽ ഭാഗത്ത് ഈ മാസം പത്തിന് തന്നെ ടാറിങ് തുടങ്ങും. ഡിസംബർ അവസാന വാരത്തോടെ തന്നെ റോഡിന്റെ ടാറിങ് പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments

COMMENTS

error: Content is protected !!