ആരുടെ അനാസ്ഥയാണ് മിർഷാദിന്റെ ജീവനെടുത്തത്?
കോഴിക്കോട് കോർപ്പറേഷനിലെ നാൽപ്പത്തിയഞ്ചാം ഡിവിഷനിൽ, വലിയ പറമ്പത്ത് കുളത്തിനരികെ ഫുട്പാത്ത് പണിയുന്ന സമയത്ത് തന്നെ അതിലൂടെയുളള യാത്രയുടെ സുരക്ഷക്കായി കൈവരികൾ കൂടി പണിഞ്ഞിരുന്നെങ്കിൽ കൊളത്തറ അറക്കൽ പ്പാടം അമ്മോത്തുവീട്ടിൽ സാഹിനയുടെയും , മുസാഫറിന്റെയും മകൻ മുഹമ്മദ് മിർഷാദിന് ഇങ്ങനെയൊരന്ത്യം സംഭവിക്കില്ലായിരുന്നു.മിർഷാദ് സൈക്കിളിൽ നിന്ന് വീണ് മുങ്ങിമരിച്ച കുളത്തിനടുത്ത് ചെല്ലുന്ന ആർക്കും തോന്നാവുന്ന കാര്യമാണിത്. രണ്ടാൾക്ക് നേരെ നടക്കാൻ സ്ഥലമില്ലാത്ത ഫുട് പാത്തുകളുടെ പോലും ഇരുവശത്തും കൈവരികൾ പണിയുന്ന വികസന കാഴ്ചപ്പാടുളള നമ്മുടെ നാട്ടിൽ.
എന്നാൽ തോന്നേണ്ടവർക്ക് തോന്നുകയോ, ചെയ്യേണ്ടവർ ചെയ്യുകയോ ചെയ്യാത്തതു കാരണം ഏഴാം ക്ലാസുകാരൻ
മിർഷാദിന്റെ ശനിയാഴ്ച രാവിലത്തെ മദ്രസ വിട്ട് വീട്ടിലേക്കുള്ള സൈക്കിളിലെ വരവ് അവസാന യാത്രയായി. സംരക്ഷണഭിത്തിയോ കൈവരിയോ ഇല്ലാതെ കുളവും, അതിന്റെ കരയിലൂടെയുള്ള ഫുട്പാത്തും നാട്ടുകാരുടെയും, അധികൃതരുടെയും കാഴ്ചപ്പുറത്ത് കുറച്ചു കാലമായുണ്ട്. കുളത്തിനാകട്ടെ നിരവധി വർഷങ്ങളുടെ പഴക്കവും. വേനൽക്കാലത്ത് വറ്റിപ്പോവുകയും, മഴക്കാലമായാൽ വെളളം നിറയുകയും ചെയ്യുന്ന കുളത്തിലെ വെള്ളം ആരും ഒരാവശ്യത്തിനും ഉപയോഗിക്കാറില്ല. മുമ്പ് ആളുകൾ കുളിക്കാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. ഒരു വളവും, ഇത്തിരി ഇറക്കവും എല്ലാം ചേർന്ന് ഒരപകടത്തിനുളള സാധ്യത എല്ലാ സമയത്തുമുള്ള ഇത്തരമൊരു വഴിയിൽ സുരക്ഷാ ഭിത്തിയില്ലെങ്കിൽ “മുന്നിൽ വെള്ളക്കെട്ടുണ്ട് , സൂക്ഷിച്ചു പോവുക” എന്ന ഒരു ബോർഡെങ്കിലും വെക്കേണ്ട ഉത്തരവാദിത്തം ആർക്കാണ്?
സർക്കാറിനോ?
നഗരസഭക്കോ ?
രാഷ്ട്രീയ പാർടികൾക്കോ?
കുടുംബ സമിതികൾക്കോ? മഹല്ല് – ക്ഷേത്ര കമ്മറ്റികൾക്കോ?
യുവജന സംഘടനകൾക്കോ? ആരായാലും, മിർഷാദിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എനിയും വീണ്ടുമൊരു ദുരന്തമുണ്ടാവുന്നതിനുമുമ്പ് ഈ അവസ്ഥക്ക് പരിഹാരമുണ്ടായേ പറ്റൂ.