താഴത്തയിൽ ഭദ്രകാളി-കണ്ടത്ത് രാമൻ-ക്ഷേത്രോത്സവം മാർച്ച് 22 മുതൽ 24 വരെ
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി,കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾ മാർച്ച് 22, 23, 24 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. 22 ന് വൈകീട്ട് ഏഴ് മണിക്ക് ക്ഷേത്ര വനിതാക്കമ്മറ്റി തിരുവാതിരക്കളി അവതരിപ്പിക്കും. തുടർന്ന് കലാമണ്ഡലം അനൂപിന്റെ വിശേഷാൽ തായമ്പകയും കരിമരുന്നു പ്രയോഗവുമുണ്ടാകും.
23 ന് കാലത്ത് 9.30 ന് ഉത്സവം കൊടിയേറും. 12.30ന് കുട്ടിച്ചാത്തൻ വെള്ളാട്ടവും വൈകീട്ട് അഞ്ചു മണിക്ക് കുട്ടിച്ചാത്തൻ തിറയും അരങ്ങേറും. തുടർന്ന് ഗുളികൻ വെള്ളാട്ടം ചാമുണ്ഡി വെള്ളാട്ടം കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും. 24 ന് പുലർച്ചെ 1.30ന് കനലാട്ടവും ചാമുണ്ഡിത്തിറയും നടക്കും. 24 ന് വൈകീട്ട് ആഘോഷ വരവുകൾ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. 6.30ന് പടിഞ്ഞാറെടുത്ത് നാഗകാളീ ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച താലപ്പൊലിയും മടക്കെഴുന്നള്ളത്തും ക്ഷേത്രസന്നിധിയിലെത്തും. പ്രമുഖ വാദ്യ കലാകാരന്മാരായ മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, കലാമണ്ഡലം അനൂപ് എന്നിവരുടെ മേളപ്രമാണത്തിൽ നടക്കുന്ന പാണ്ടിമേളവും ഗജവീരന്മാരും മടക്കെഴുന്നള്ളിപ്പിന്റെ മുഖ്യ ആകർഷണമായിരിക്കും. തുടർന്ന് ഡയനാമിറ്റ് ഡിസ്പ്ലേയും കരിമരുന്ന് പ്രയോഗവുമുണ്ടാകും. ഭദ്രകാളിത്തിറയും ഗുരുതിയും നടക്കുന്നതോടെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.