തിക്കോടിയിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനായി തിക്കോടി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കൃഷി, ആരോഗ്യം, ഭവന പദ്ധതി, ചെറുകിട സംരംഭങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സെമിനാറിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി വികസന രേഖ തയ്യാറാക്കുന്നതില്‍ സഹായിച്ച രുഗ്മാംഗദന് മാസ്റ്ററേയും ഭാസ്കരന് മാസ്റ്ററേയും എസ്.സി.പി ഫണ്ട് നൂറ് ശതമാനം പൂര്‍ത്തീകരിച്ച നിര്‍വഹണ ഉദ്യോഗസ്ഥരെയും നികുതി പിരിവ് നൂറ് ശതമാനം പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്കിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും എം.എല്‍.എ ഉപഹാരം നല്കി ആദരിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രനില സത്യന് പദ്ധതി വിശദീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍ സംസാരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി സ്വാഗതവും സെക്രട്ടറി രാജേഷ് ശങ്കര്‍ നന്ദിയും പറഞ്ഞു.