CRIME

തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം

യ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം. വിവിധ കടകളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. ദേശീയപാതയില്‍ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള എഫ് കെ ബ്രാന്‍ഡ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കടയുടെ ഷട്ടറിന്റെ പൂട്ടും ഗ്ലാസും തകര്‍ത്താണ് മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.

കടയില്‍ സൂക്ഷിച്ച ഒന്നരലക്ഷം രൂപയാണ് കവര്‍ന്നത്. കൂടാതെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകര്‍ത്തശേഷം സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ശനിയാഴ്ച പുലര്‍ച്ച 3.15 ടെയാണ് കവര്‍ച്ച നടന്നതായി സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. മോഷണത്തിന് ഉപയോഗിച്ച കമ്പിയും പ്ലയറും കടയുടെ പുറത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതേ കെട്ടിടത്തില്‍ സമീപത്തുള്ള വാഹന പുകപരിശോധന കേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍  1500 രൂപ കവര്‍ന്നു.

കെട്ടിടത്തിലെ മറ്റൊരു സ്ഥാപനമായ ഫെയ്മസ് ബേക്കറിയിലും മോഷ്ടാക്കള്‍ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.  അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപത്തെ പ്ലാസ ഹോട്ടലിന്റെ പൂട്ട് തകര്‍ത്തു അകത്ത് കയറി  രണ്ട് ക്യാമറകള്‍ തകര്‍ത്ത ശേഷം പാലിയേറ്റിവ് കേന്ദ്രത്തിന്റെ പണമടങ്ങിയ സംഭാവന പെട്ടി എടുത്തു കൊണ്ടുപോയി. തിക്കോടി ടൗണിലെ എ ബി എസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അമ്പത്തിയഞ്ചായിരത്തോളം രൂപയും നിരവധി ഭക്ഷ്യസാധനങ്ങളും കളവ് പോയിട്ടുണ്ട്.

തിക്കോടി മീത്തലെപള്ളിക്ക് സമീപം ദേശീയപാതയോരത്തെ പള്ളിത്താഴെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തട്ടുകട തകര്‍ത്ത് മൂവായിരം രൂപ കവര്‍ന്നിട്ടുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ഊര്‍ജ്ജിതമല്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button