തീരം കൈകോർത്തു; കടലോരം ഇനി സുന്ദരം…

വടകര: വടകര നഗരസഭയിലെ കടൽത്തീരങ്ങൾ സുന്ദരമാക്കാൻ ക്ലീൻ ബീച്ച് മിഷൻ പദ്ധതിക്ക് തുടക്കം. ആറ് പ്രധാന കടൽത്തീരങ്ങൾ ഞായറാഴ്ച ജനകീയമായി ശുചീകരിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. കളക്ടർ എസ്. സാംബശിവറാവു ശുചീകരണത്തിന് നേതൃത്വം നൽകാനെത്തി.

 

വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്‌സ്, കുരിയാടി, പാണ്ടികശാല, ആവിക്കൽ, പുറങ്കര, മുകച്ചേരി എന്നീ ബീച്ചുകളിലാണ് ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ശുചീകരണം നടന്നത്. സീറോവേസ്റ്റ് പദ്ധതിയുമായി നഗരസഭ മുന്നോട്ടുപോകുന്നതിനിടെ കടലിലും കടൽത്തീരത്തും വൻതോതിൽ മാലിന്യം തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നഗരസഭാ ബീച്ചും മാലിന്യമുക്തമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ടമാണ് ശുചീകരണം.

 

സാൻഡ് ബാങ്ക്‌സിൽ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി. സഫിയ, വൈസ് ചെയർപേഴ്‌സൺ കെ.പി. ബിന്ദു, ബീച്ച് ക്ലീൻ മിഷൻ കോ-ഓർഡിനേറ്റർ ഡോ. സിജേഷ്, ഡി.ടി.പി.സി. സെക്രട്ടറി ബീന, മണലിൽ മോഹനൻ, പി. അശോകൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ പി. ബിജു, പി. വിജയി, പി. വ്യാസൻ, മുഹമ്മദ് റാഫി, ജലാൽ, ബുഷറ എന്നിവർ ഓരോ സ്ഥലത്തും നേതൃത്വം നൽകി. വടകര പോളിടെക്‌നിക്ക്, എം.യു.എം. സ്കൂൾ വിദ്യാർഥികൾ, നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു. ആറ് ബീച്ചുകളുടെയും ശുചീകരണത്തിന് പ്രത്യേക കമ്മിറ്റി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ചു. എല്ലാ ഞായറാഴ്ചയും ഇവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും.

 

ഇനി മാലിന്യം തള്ളിയാൽ കർശന നടപടി

 

നഗരസഭാ പരിധിയിലെ കടൽത്തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരേ ഇനി മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നിരീക്ഷണത്തിന് പ്രാദേശിക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. പുറമെനിന്നുള്ളവർ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നുവെന്ന് പരാതിയുണ്ട്. ഇതുൾപ്പെടെ തടയും. മാലിന്യം തള്ളാൻ എളുപ്പമുള്ള കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നേരത്തേ നഗരസഭ കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും പദ്ധതിയിട്ടിരുന്നു. തീരം ശുചീകരിച്ച ശേഷം ആ പദ്ധതിയിലേക്ക് കടക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
Comments

COMMENTS

error: Content is protected !!