CALICUTDISTRICT NEWS

തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

കോഴിക്കോട്: തീവണ്ടിക്ക് ബോംബ് വെക്കുമെന്ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക്‌ ഫോണിൽ ഭീഷണി. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ തീവണ്ടികൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സുരക്ഷ വർധിപ്പിച്ചു. എട്ടരയ്ക്കാണ്
എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്‌പ്രസിന് ബോംബ് ഭീഷണിയുണ്ടായത്. വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. വ്യാജ ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് മംഗള എക്സ്‌പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ വൻസുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.
തുടർന്ന് മംഗള ഉൾപ്പെടെയുള്ള തീവണ്ടികളിൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ പരിശോധന നടന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. സായുധരായ റെയിൽവേ പ്രൊട്ടക്‌ഷൻ സ്പെഷ്യൽ ഫോഴ്‌സിനെയും വിന്ന്യസിച്ചിരുന്നു. ആർ.പി.എഫ്. ഇൻസ്പെക്ടർ മിലൻ ഡിഗോള, ആർ.പി.എഫ്.എസ്.ഐ. നിഷാന്ത് എന്നിവർ സുരക്ഷയ്ക്ക് നേതൃത്വം നൽകി.
മലപ്പുറം കോട്ടക്കുന്ന് സ്വദേശിയുടെ ദിവസങ്ങൾക്ക് മുമ്പ് മോഷണംപോയ ബി.എസ്.എൻ.എൽ. സിം ഉപയോഗിച്ചാണ് ഫോൺ ചെയ്തത്. ഇയാൾ ഇതുവരെ പരാതി നൽകാത്തതിനാൽ സിം കാർഡ് ബി.എസ്.എൻ.എൽ. അധികൃതർ റദ്ദാക്കിയിരുന്നുമില്ല. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചയാൾ അദ്ദേഹത്തിന്റെ ബന്ധുക്കളെ ആരെയും ഈ സിം കാർഡ് ഉപയോഗിച്ച് വിളിച്ചിട്ടില്ല.
അറിയപ്പെടാത്ത ഫോൺ നമ്പറുകളിലേക്ക് വിളിച്ച് സ്ത്രീകളാണെങ്കിൽ തുടർന്ന് സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് ഇയാളുടെ ശൈലിയെന്ന് പോലീസ് പറഞ്ഞു. ഇയാൾ വിളിച്ച ഫോൺ നമ്പറുകൾ കണ്ടെത്തി പോലീസ് പരിശോധന തുടരുകയാണ്. അപരിചിതമായ ഫോൺ നമ്പറുകളായതിനാൽ വിളിച്ചയാൾക്കും ഫോൺ എടുത്തയാൾക്കും പരസ്പരം ആളെ അറിയുകയുമില്ല. അതിനാൽ ആളെ അന്വേഷണഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button