തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ഫയർ ഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ഫയർ ഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. തുടർ നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരണപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതേത്തുടർന്നാണ് ഇപ്പോൾ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.

കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്. തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരണത്തിന് കീഴടങ്ങിയത്. തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണതിനെ തുടർന്ന് രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻറെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

Comments

COMMENTS

error: Content is protected !!