Uncategorized
തൃശൂരിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: തൃശൂരിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ് പറഞ്ഞു. മരണം സംഭവിച്ച വിവരം പൊലീസിനെ രേഖാമൂലം അറിയിച്ചത് ഉച്ചയോടെ മാത്രമാണ്. മരണം നടന്ന വിവരം ഡ്യൂട്ടി ഡോക്ടർ അറിയിച്ചില്ല. വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകി. മരണ വിവരമറിഞ്ഞ പൊലീസാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ശേഷമാണെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും.
ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Comments