തൃശ്ശൂരിനോട് യാത്രപറയുന്നത് ജനകീയ കളക്ടര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ കളക്ടറായി ടി.വി. അനുപമ സ്ഥാനമേറ്റത് മുതല്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ കാര്യമായൊരു മാറ്റമുണ്ടായി. അവിടെ കളക്ടറെ കാണാനെത്തുന്നവര്‍ക്കായി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളില്‍ സാധാരണക്കാര്‍ നിറഞ്ഞു, പ്രത്യേകിച്ചും സ്ത്രീകള്‍. എത്ര തിരക്കായാലും കാണാനെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷമായിരുന്നു മറ്റ് കാര്യങ്ങളിലേക്ക് കടന്നത്.

 

ചുമതലയേറ്റ പദവികളിലെല്ലാം ശരിയുടെ പക്ഷത്തുനിന്ന് നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ അനുപമ ആ നിലപാട് തൃശ്ശൂരിലും തുടര്‍ന്നു. കടലേറ്റത്തില്‍ രോഷത്തിലായിരുന്ന തീരദേശവാസികളുടെ പ്രതിഷേധത്തെയാണ് ചുമതലയേറ്റ ഉടന്‍ അവര്‍ക്ക് നേരിടേണ്ടിവന്നത്. നേരിട്ടെത്തി ജനരോഷം തണുപ്പിച്ചതില്‍നിന്ന് തുടങ്ങിയ പ്രവര്‍ത്തനം പ്രളയകാലത്തും തുടര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് ചട്ടലംഘനത്തിന് ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് നോട്ടീസ് നല്‍കിയതിലും, തൃശ്ശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിലും അനുപമയുടെ നിലപാട് വിവാദത്തിനിടയാക്കിയിരുന്നു.

 

തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനിടെ കുഴഞ്ഞുവീണ് വീണ്ടും കൊട്ടാനെത്തിയ പെരുവനം കുട്ടന്‍മാരാരെ പ്രോത്സാഹിപ്പിച്ചതും അനുപമ എന്ന വ്യത്യസ്തയായ കളക്ടറുെട മികവായിരുന്നു.

 

കഴിഞ്ഞ മാസം പട്ടയാവശ്യത്തില്‍ കളക്ടറേറ്റ് ഉപരോധിക്കാനെത്തിയവരെ ഒന്നരമാസത്തിനകം നടപടിയാവുമെന്നു വ്യക്തമാക്കി അനുനയിപ്പിച്ചതും ചര്‍ച്ചയായി. ഏറ്റവും ഒടുവില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്താണ് പദവിയില്‍നിന്നു മാറുന്നത്.

 

ഉന്നതപരിശീലനത്തിനായി ടി.വി. അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് പകരം എസ്. ഷാനവാസിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Comments
error: Content is protected !!