സെമിയിലേക്ക് ചുവടുവെക്കാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ

ഓള്‍ഡ് ട്രഫോഡ് : തോല്‍വിയറിയാതെ വിജയവഴികളിലൂടെ മാത്രം സഞ്ചരിച്ചെത്തുന്ന ഇന്ത്യ… തോല്‍വികളില്‍ ഉഴറി എങ്ങനെയെങ്കിലും വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന വെസ്റ്റിന്‍ഡീസ്..

 

ലോകകപ്പ് ക്രിക്കറ്റില്‍ മാഞ്ചെസ്റ്ററില്‍ വ്യാഴാഴ്ച ഇരുവരും മുഖാമുഖം വരുമ്പോള്‍ ആരടിക്കും വിജയത്തിന്റെ സല്യൂട്ട്? വിക്കറ്റെടുത്താല്‍ പട്ടാള സ്‌റ്റൈലില്‍ സല്യൂട്ട് അടിച്ച് ആഘോഷിക്കുന്ന ഷെല്‍ഡണ്‍ കോട്രെലിനെപ്പോലെ വിന്‍ഡീസ് ടീം വിജയത്തിന്റെ സല്യൂട്ട് അടിക്കുമോ. അതോ, ഏതു പ്രതിസന്ധിയിലും ഉലയാത്ത ക്യാപ്റ്റനായി വിരാട് കോലിയും സംഘവും നെഞ്ചുവിരിച്ച് വിജയത്തിന്റെ സല്യൂട്ട് അടിക്കുമോ.

 

ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ളപ്പോള്‍ ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

 

ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജാസണ്‍ ഹോള്‍ഡറിന്റെ സംഘവും മുഖാമുഖം വരുമ്പോള്‍ മത്സരം ആവേശകരമാകുമെന്നതില്‍ തര്‍ക്കമില്ല. മാഞ്ചെസ്റ്ററിലെ ഓള്‍ഡ്ട്രാഫോഡില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.

 

ആരൊക്കെ കളിക്കും

 

ഇന്ത്യ: നാലാം നമ്പറിനെക്കുറിച്ചുള്ള ആശങ്ക മാറാതെ നില്‍ക്കുമ്പോള്‍ ടീം ഇന്ത്യയില്‍ ഇന്ന് രണ്ടു മാറ്റങ്ങള്‍ വരെ പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരങ്ങളില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാതെ പോയ വിജയ് ശങ്കറിനു പകരം ഒരാള്‍ വന്നേക്കാം. അത് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാകുമോ, ബാറ്റ്സ്മാനായ ഋഷഭ് പന്താകുമോ എന്നതാണ് അറിയേണ്ടത്. ടീം സാധ്യത: രോഹിത് ശര്‍മ, ലോകേഷ്, കോലി, വിജയ് ശങ്കര്‍/ഋഷഭ് പന്ത്, എം.എസ്. ധോനി, പാണ്ഡ്യ, കേദാര്‍ ജാദവ്/ ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ബുംറ.

 

വെസ്റ്റിന്‍ഡീസ്: ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാകും സാധ്യത. എവിന്‍ ലൂയിസിന് പകരം ഒരാള്‍ വന്നേക്കാമെന്നതാണ് മാറ്റത്തിന്റെ പരമാവധി സാധ്യത. ടീം സാധ്യത: ഗെയ്ല്‍, ഷായ് ഹോപ്പ്, നിക്കോളാസ് പൂരാന്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ആഷ്ലി നഴ്സ്, എവിന്‍ ലൂയിസ്, കെമാര്‍ റോഷ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷാനേ തോമസ്.
Comments

COMMENTS

error: Content is protected !!