തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയതിന് ശേഷം മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്തായി രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും.
നാളെയോടെ മഴ സജീവമാകും. കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.
കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച്, മോക്ക ചുഴലിക്കാറ്റ് മെയ് 11, വ്യാഴാഴ്ച വരെ വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. തുടർന്ന് ക്രമേണ വടക്ക്-വടക്കുകിഴക്കൻ ദിശയിൽ ബംഗ്ലാദേശ്- മ്യാൻമർ തീരത്തേയ്‌ക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ന്യൂനമർദ്ദ മേഖല രൂപപ്പെടുന്നതിന് ശേഷം കൃത്യമായ പാത അറിയാൻ കഴിയും. പാത നിരന്തരം നിരീക്ഷിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.