തെങ്ങിന് മുകളിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു
തെങ്ങിന് മുകളിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു. മരുതേരിയിൽ തെങ്ങിൽ കയറിയ തൊഴിലാളിക്ക് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പയിൽ നിന്നെത്തിയ അഗ്നിശമനസേന രക്ഷിച്ചു. പീടികയുള്ള പറമ്പിൽ സി ടി മുഹമ്മദിന്റെ തെങ്ങിന്റെ മുകളിൽ കയറിയ പുളിയുള്ള പറമ്പിൽ വിശ്വൻ എന്ന തൊഴിലാളിക്ക് തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാൽ തെങ്ങ് കയറ്റ് യന്ത്രം ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല.
ഇതേത്തുടർന്ന് കയ്യിലുള്ള തോർത്തുകൊണ്ട് യന്ത്രം തെങ്ങിന് കെട്ടിയിട്ട് തെങ്ങിൽ നിൽപ്പുറപ്പിക്കുകയായിരുന്നു. സേനാംഗങ്ങൾ സ്ഥലത്തെത്തി തെങ്ങിൽ ഏണി ചാരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ എൻ ലതീഷ് തെങ്ങിൽ കയറി യന്ത്രം ഉറപ്പിച്ച് സാവധാനം തൊഴിലാളിയെ താഴെ ഇറക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ സിപി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി വിനോദന്റെയും നേതൃത്വത്തിൽ ഐ ബിനീഷ് കുമാർ, ഇ എം പ്രശാന്ത്, എസ് കെ റിതിൻ, പി കെ സിജീഷ്, ടി വിജീഷ്, ആർ ജിനേഷ്, എം കെ ജിഷാദ്, എസ് ആർ സാരംഗ് ഹോം ഗാർഡ് മാരായ കെ പി ബാലകൃഷ്ണൻ, എൻ എം രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.