തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

കുട്ടിച്ചാത്തൻ
കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് കുട്ടിച്ചാത്തനെങ്കിലും മലബാറിലാണ് ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുള്ളത്. വ്യത്യസ്ത ഐതിഹ്യങ്ങളും ആരാധനാ രീതികളുമുള്ള കുട്ടിച്ചാത്തൻ മലയാള മണ്ണിന്റെ മണമുള്ള ഗ്രാമദേവതകളിൽ ഒരാളാണ്. ബ്രാഹ്മണ്യത്തെ നിഷേധിച്ച് അധഃസ്ഥിതവിഭാഗങ്ങളോടൊപ്പം ജീവിച്ച ദേവത കൂടിയാണ് കുട്ടിച്ചാത്തൻ. ഐതിഹ്യങ്ങൾക്ക് പ്രാദേശികഭേദമനുസരിച്ച് ബാഹ്യമായ മാറ്റങ്ങൾ കാണാമെങ്കിലും ചാത്തന്റെ ഉള്ളടക്കത്തിലെ ഏകതാനതകൾ ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിലെ കാളകാട്ടില്ലമാണ് കുട്ടിച്ചാത്തന്റെ ആരൂഢമായി വിശ്വസിക്കപ്പെടുന്നത്. ഇവിടെയും ചാത്തൻ എത്തുന്നത് കല്ലടിക്കോടൻ മലയിൽ നിന്നു തന്നെയാണ്. ഇത് സംഘകാലം മുതലുള്ള ചാത്തന്റെ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ഐതിഹ്യം

ഒരിക്കൽ ശിവപാർവ്വതിമാർ കിരാതവേഷം ധരിച്ച് കാട്ടിൽ ക്രീഡകളിൽ മുഴുകിയ കാലത്ത് പാർവ്വതി ഗര്‍‍ഭം ധരിച്ച്‌ പ്രസവിച്ചു. കാഴ്ചയിൽ കാടനെങ്കിലും ദിവ്യനായ കുട്ടിയെ എന്തു ചെയ്യണമെന്ന് അവർ ആലോചിച്ചിരിക്കുമ്പോഴായിരുന്നു കാള‌ക്കാട്ടില്ലത്തെ ശിവഭക്തനായ ഒരു നമ്പൂതിരി സന്താനഭാഗ്യം ഇല്ലാത്തതിനാൽ വഴിപാടുകളും പ്രാർത്ഥനകളുമായി കഴിഞ്ഞിരുന്നത്.

ഒരു ദിവസം രാവിലെ ഇല്ലത്തെ ജോലിക്കാരി പടിപ്പുരയുടെ അടുത്തുനിന്ന് ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് ചെന്നു നോക്കിയപ്പോൾ അനാഥ നിലയിൽ ഒരാൺകുഞ്ഞിനെ കാണുകയും അതിനെയെടുത്ത് ഇല്ലത്തു കൊണ്ടുപോവുകയും ചെയ്തു. കുട്ടികളില്ലാതിരുന്ന നമ്പൂതിരിയും ഭാര്യയും ആ കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിച്ചു. അവർ ആ കുഞ്ഞിനെ സ്വന്തം മകനായി വളർത്തി. എന്നാൽ കുഞ്ഞു വളരുന്തോറും അവന്റെ സ്വഭാവത്തിൽ ബ്രാഹ്മണ്യത്തിനു നിരക്കാത്ത ചില സ്വഭാവങ്ങൾ കണ്ടുതുടങ്ങി.

ബുദ്ധിമാനായിരുന്നെങ്കിലും അനുസരണയില്ലാഞ്ഞതിനാൽ തന്നെ ശിക്ഷിച്ച ഗുരുവിനെ ചാത്തൻ കൊന്നു. ഇല്ലത്തെ പൂജാപാത്രങ്ങളും ഹോമദ്രവ്യങ്ങളും ഹോമകുണ്ഡവും അവന്‍ നശിപ്പിച്ചു. വസ്ത്രങ്ങൾ കത്തിച്ചു. സഹികെട്ട നമ്പൂതിരി മകനെ ഇല്ലത്തുനിന്ന് ഇറക്കി വിട്ടു.

അവൻ ഇടയന്മാരോടൊപ്പം കാലികളെ മേച്ചു നടന്നു. അങ്ങനെ ജീവിക്കുന്നതിനിടയിൽ ഒരു നാൾ അവന് അമ്മയെ കാണണമെന്ന ആഗ്രഹം തോന്നി ഇല്ലത്തേക്കു ചെന്നു. കുടിക്കാൻ പാലു ചോദിച്ച ചാത്തനെ അമ്മ വഴക്കു പറഞ്ഞ് ഇറക്കിവിട്ടു. കോപാകുലനായ ചാത്തൻ ഇല്ലത്തെ ഒരു കാളയെ കൊന്നു ചോരകുടിച്ചു. വിവരമറിഞ്ഞ അച്ഛൻ നമ്പൂതിരി ആളെ വിട്ട് ചാത്തനെ തല്ലിച്ചതച്ചു. എന്നിട്ടും എഴുന്നേറ്റുവന്ന ചാത്തനെ അവർ പിടിച്ചു കെട്ടി 390 കഷ്ണങ്ങളാക്കി ഹോമകുണ്ഡത്തിൽ ഹോമിച്ചു. അതിൽ നിന്ന് നൂറുകണക്കിന് ചാത്തന്മാർ ഉയിർത്തുവന്ന് ദ്രോഹിച്ചവരെയെല്ലാം തീയിലിട്ടു. കാളകാട്ടില്ലം ചുട്ടുചാമ്പലാക്കി. ഭയന്നു വിറച്ച ആളുകൾ കുട്ടിച്ചാത്തനെ ആരാധിക്കാൻ തുടങ്ങുകയും പെരുമലയനെ കണ്ട് കെട്ടിക്കോലം ഏർപ്പെടുത്തുകയും ചെയ്തു.

തെയ്യം
————
അത്യുത്തര കേരളത്തിൽ മലയസമുദായക്കാരാണ് പഞ്ചമൂർത്തികളിൽ ഒരാളും ‘മുപ്പത്തൈവരി’ൽപ്പെട്ടതുമായ കുട്ടിച്ചാത്തൻ തെയ്യം കെട്ടാറുള്ളത്. കരിങ്കുട്ടിയാണ് അവിടങ്ങളിൽ പ്രധാനമായുള്ളത്. എന്നാൽ കോഴിക്കോട് ജില്ലയിൽ കരിങ്കുട്ടി, തീക്കുട്ടി, പറക്കുട്ടി എന്നീ രൂപങ്ങളിൽ കുട്ടിച്ചാത്തൻ തിറകളുണ്ട്. ഇവിടെ എല്ലാ തെയ്യസമുദായക്കാരും കുട്ടിച്ചാത്തൻ കെട്ടാറുണ്ട്.

Comments

COMMENTS

error: Content is protected !!