തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
പുതിയ ഭഗവതി
ദേവലോകത്തെ പുതിയവരാണ് മുപ്പത്തൈവരിൽ ഒരാളായ രൗദ്രരൂപിണി, പുതിയ ഭഗവതി. മുത്തപ്പനെപ്പോലെ സ്ഥലകാല പരിമിതികളില്ലാതെ എന്നും എവിടേയും കെട്ടിയാടിക്കുവാൻ കഴിയുന്ന അമ്മദൈവമാണ് പുതിയ ഭഗവതി. സ്ഥാനം നേടിയ കാവുകളിൽ മാത്രമല്ല കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വയൽത്തിറയായും പുതിയഭഗവതിയെ കെട്ടിയാടിക്കാം. വസൂരിരോഗത്തെ ഇല്ലായ്മ ചെയ്യാൻ അവതരിച്ചതുകൊണ്ടാകാം ഈ സാർവ്വത്രിക സാന്നിദ്ധ്യം അനുവദിക്കപ്പെട്ടത്.
കണ്ണൂർ ജില്ലയിൽ പുതിയ ഭഗവതിക്കുള്ള പ്രാധാന്യം ഒന്നു വേറെതന്നെയാണ്. അവിടങ്ങളിൽ, അതിരാവിലെ അരയിൽ കത്തിച്ച നാലു വലിയ പന്തങ്ങളും മുടിയിൽ ചെറിയ പന്തങ്ങളുമായി രൗദ്രഭാവത്തിലുള്ള പുതിയ ഭഗവതിയുടെ ഇറങ്ങലും കോമരത്തോടൊപ്പമുള്ള പ്രത്യേക ചുവടുകളും കാഴ്ചക്കാരിൽ ഒരു പ്രത്യേക അനുഭവമാണ് പകരുന്നത്.
ഐതിഹ്യം
ഒരു ദിവസം കൈലാസത്തിൽ ആനന്ദതാണ്ഡവമാടിയതിനു ശേഷം ശ്രീപരമേശ്വരൻ വിശ്രമിക്കാനിരുന്നു. ആ സമയത്ത് പൊന്മക്കളായ ചീറുമ്പ മൂത്തവളും ഇളയവളും(വസൂരി വിതയ്ക്കുന്ന ദേവതമാർ )അച്ഛന്റെ മടിയിൽ കയറിയിരുന്നു കളിക്കാൻ തുടങ്ങി. മക്കളെ ലാളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശാഠ്യം മൂത്ത് കോപിച്ച് അവർ “ശ്രീമഹാദേവൻ തിരുനല്ലച്ഛന്റെ മുഖത്ത് മൂന്ന് മണി തൃക്കുരിപ്പും മാറത്ത് പന്തീരായിരം വസൂരിമാലയും വാരിവിതറി” രോഗപീഡയാൽ പരമശിവൻ തളർന്നു. “ദേവലോകത്ത് ദേവകൾക്കും ഋഷികൾക്കും മനുലോകത്ത് പത്തില്ലം ഭട്ടതിരിമാർക്കും കയ്യൊഴിച്ച മഹാവ്യാധിയും കൊണ്ടുക്കൂട്ടി”. അവരെല്ലാവരും കൂടി മഹാദേവന്റെ മുമ്പിൽ വന്ന് ദേവലോകത്തും മനുലോകത്തും ചീറുമ്പ കാരണം ബുദ്ധിമുട്ടിലാണെന്നറിയിച്ചു. അപ്പോൾ മഹാദേവൻ മുടങ്ങിപ്പോയ തന്റെ ഹോമം നടത്തണമെന്നു കൽപ്പിച്ചു. ഹോമം തുടങ്ങി നൽപ്പൊത്തിയൊന്നാം ദിവസം “ഹോമത്തിൽ നിന്നു പൊന്നും പഴുക്കപോലെ പൊട്ടിപ്പിളർന്നുണ്ടായി നാട്ടുപരദേവത”.തന്നെ തോറ്റിയത് എന്തിനാണെന്ന് മകൾ അച്ഛനോട് ചോദിച്ചപ്പോൾ ചീറുമ്പ നിമിത്തം വശക്കേടായ ദേവലോകത്തെ രക്ഷിക്കാനാണെന്ന് അച്ഛൻ മറുപടി പറഞ്ഞു. എന്നിട്ട് തന്റെ ഭണ്ഡാരത്തിൽ നിന്ന് ഇരുനാഴിയുരി കനകപ്പൊടി നല്കി “ചീറുമ്പ വാരിവിതക്കുമ്പോൾ, ഒരുതല പൊടിക്കുമ്പോൾ നീ ഇരുതല പൊടിക്കേടാക്കണം പൊന്മകളെ എന്നു കല്പിച്ചു”. അന്ന് നല്ലച്ഛന്റെ തൃക്കുരിപ്പും പന്തീരായിരം വസൂരിയും തടവിയൊഴിച്ചു സുഖപ്പെടുത്തി. പിന്നെ ദേവന്മാരുടേയും ഋഷിമാരുടേയും വ്യാധികളും മാറ്റി. തുടർന്ന്, പത്തില്ലം ഭട്ടതിരിമാരിൽ മൂത്തയാളുടെ പടിഞ്ഞാറ്റയിൽ വെള്ളി ശ്രീ പീഠം വച്ച് ദേവലോകത്ത് പുതിയവൾ എന്ന പേരു സ്വീകരിച്ചു. അച്ഛൻ നല്കിയ വെള്ളിത്തേരിൽ, അച്ഛന്റെ നിർദ്ദേശപ്രകാരം, ചീർമ്പമാർ വസൂരി വിതച്ച് ദൈന്യതയിലാകുന്ന മനുഷ്യരുടെ രക്ഷക്കായി ഭൂമിയിലവതരിച്ചു.
ഭൂമിയിൽ വെള്ളിത്തേരിൽ വില്ലാപുരത്തു കോട്ടയിലായിരുന്നു ദേവി വന്നിറങ്ങിയത്. അവിടെവച്ച് കാർത്തികേരാസുരൻ ദേവിയുടെ ആറു സഹോദരന്മാരേയും കൊന്നു. കോപിഷ്‌ഠയായ ദേവി കാർത്തികേരാസുരനെ ചുട്ടുകൊന്ന് ഭസ്മം നെറ്റിയിൽ ചാർത്തി. എന്നിട്ട് കോട്ടവാതിലടച്ച് കോട്ടയ്ക്ക് തീകൊടുത്ത് തെക്കോട്ടു നടന്നു.
അങ്ങനെ പോകുന്ന വഴിയിൽ മാതോത്ത് എന്ന സ്ഥലത്തെത്തിയപ്പോൾ വീരർ കാളിയെ കണ്ടുമുട്ടുകയും തന്റെ പ്രഭാവം കാണിച്ചുകൊടുത്ത് നേതൃത്വം അംഗീകരിപ്പിച്ച് കൂടെ കൂട്ടുകയും ചെയ്തു. അവിടെ നിന്നു പുറപ്പെട്ട് പാടാർകുളങ്ങര എത്തി കുളിക്കാൻ തുടങ്ങിയപ്പോൾ അവിടെ നെയ്യമൃതുമായി തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കു പോകുന്ന ഒരു ബ്രാഹ്മണൻ കുളിക്കുന്നതു കണ്ടു.കുളത്തിലിറങ്ങിയ ഭഗവതി അയാളുടെ കഴുത്തറുത്ത് ചോര കുടിച്ചു. ദൈവക്കരുവായി മാറിയ ബ്രാഹ്മണൻ പാടാർകുളങ്ങര വീരൻ എന്നറിയപ്പെട്ടു. തുടർന്നുള്ള യാത്രയിൽ അയാളെയും കൂടെ കൂട്ടി.അവിടെ നിന്ന് വീരനും വീരർകാളിയും മുമ്പിലും ഭദ്രകാളിയും പരിവാരങ്ങളും പിന്നിലും പുതിയ ഭഗവതി നടുവിലുമായി അവർ വീണ്ടും തെക്കോട്ടു യാത്ര തിരിച്ചു. രാത്രി മടിയൻ കൂലോത്ത് എത്തി വിളിച്ചപ്പോൾ പ്രതികരണമൊന്നും ഇല്ലാതായപ്പോൾ കോപിഷ്‌ഠയായ ദേവി അവിടുത്തെ അരയാൽ കൊമ്പും മതിലും തകർത്തു. തുടർന്ന് മൂലച്ചേരി കുറുപ്പിന്റെ തറവാട്ടിൽ ചെന്ന് ഹോമം ആവശ്യപ്പെട്ടു. ഹോമത്തിൽ കുറുപ്പിനു പിഴവുപറ്റിയപ്പോൾ കോപിഷ്‌ഠയായ ദേവി കുറുപ്പിന്റെ മരുമകനെ ഹോമകുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രായശ്ചിത്തമായി കുറുപ്പ് ദേവിയേയും കൂട്ടുകാരെയേയും പടിഞ്ഞാറ്റയിൽ കുടിയിരുത്തി. വീണ്ടും തെക്കോട്ടു നടന്നു കോലത്തിരിക്ക് നിദ്രയിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഭഗവതിയെ പരീക്ഷിക്കാൻ കോലത്തിരി നടത്തിയ ശ്രമങ്ങളെ തന്റെ ദിവ്യശക്തിയാൽ മറികടന്നു വിശ്വരൂപം കാണിച്ചുകൊടുത്തു. അതോടെ കോലത്തിരി സാഷ്ടാംഗം നമസ്കരിച്ചു മാപ്പു പറഞ്ഞു. ആ സമയത്ത് മരക്കലത്തിൽ വടക്കോട്ട് സഞ്ചരിച്ചിരുന്ന മരക്കലത്തിൽ അമ്മമാരോടൊപ്പം ഭഗവതിയും കൂടുകയും അവരെല്ലാവരും കൂടി കപ്പോത്ത്കാവിൽ എത്തുകയും ചെയ്തു . കപ്പോത്ത് കാരണവരോട് തനിക്ക് ആരൂഢം നിർമ്മിക്കുവാനും പൂവും നീരും കോലവും ഒരുക്കാനും ഭഗവതി കല്പിച്ചു. അങ്ങനെ കപ്പോത്ത് കാവ് പുതിയഭഗവതിയുടെ ആരൂഢസ്ഥാനമായി മാറി.
അള്ളടത്തിലും കോലത്തു നാട്ടിലും നിരവധി കാവുകളിലും തറവാടുകളിലും പുതിയഭഗവതിയെ കെട്ടിയാടിക്കുന്നുണ്ട്. കോലത്തുനാട്ടിൽ മിക്കയിടങ്ങളിലും ഭഗവതിയോടൊപ്പം ചങ്ങാതിമാരായ വീരർകാളി, ഭദ്രകാളി, പാടാർകുളങ്ങരവീരൻ എന്നിവരുടെ കോലവും കെട്ടിയാടാറുണ്ട്.
തെയ്യം
വണ്ണാൻ സമുദായക്കാരാണ് പുതിയഭഗവതി തെയ്യം കെട്ടാറുള്ളത്. വട്ടമുടിയും അരയിൽ വലിയ നാലു പന്തങ്ങളും മുടിയിൽ നിരവധി ചെറിയ പന്തങ്ങളുമായാണ് തെയ്യം ഇറങ്ങുക. പുതിയഭഗവതിയുടെ മുഖത്തെഴുത്തിന് “നാഗംതാഴ്ത്തിയെഴുത്ത് ” എന്നാണു പറയുക.