തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: തൊണ്ടി മുതലുകള്‍  സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് പൊലീസിനോട് ഡിജിപി നിർദ്ദേശം. അഭയ കേസിലെ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതില്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം. അഭയ കേസ് വിധി വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് കോടതി വിധി പ്രകാരമുള്ള ഡിജിപിയുടെ ഉത്തരവ്.

ക്രൈം ബ്രാഞ്ച് എസ് പി ആയിരുന്ന കെ.ടി മൈക്കിളും ഡി വൈ എസ് പി ആയിരുന്ന കെ സാമുവലും ചേർന്ന് സിസ്റ്റർ അഭയ കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകൾ നശിപ്പിച്ചെന്ന് 2020 ഡിസംബർ 23ന് കേസിലെ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവില്‍ തിരുവനന്തപുരം സി ബി ഐ കോടതി പറയുന്നു.

കേസിലെ പ്രധാന തെളിവുകളായ അഭയയുടെ ശിരോവസ്ത്രവും പേഴ്സണല്‍ ഡയറിയും ഈ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നായിരുന്നു കണ്ടെത്തല്‍. അതുകൊണ്ട് ഭാവിയില്‍ തൊണ്ടി മുതലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി ബി ഐ കോടതി അഭയ കേസ് വിധിയില്‍ എഴുതി.തെളിവുകളുടെ അഭാവം കാരണം അഭയ കേസ് അന്വേഷണം പല തവണ വഴിമുട്ടുകയും കേസ് അനന്തമായി നീളുകയും ചെയ്തു.എന്നാല്‍ അഭയ കേസ് വിധി വന്ന് ഒരു വര്‍ഷവും മൂന്ന് മാസവും കാത്തിരിക്കേണ്ടി വന്നു സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി വിധി നടപ്പാക്കി ഉത്തരവിറക്കാൻ.

വിധി വന്നിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ അഭയ കേസിലെ പരാതിക്കാരൻ ജോമാൻ പുത്തൻപുരയ്ക്കല്‍ വിധി വന്ന് രണ്ട് മാസത്തിനകം ഡിജിപിക്ക് പരാതി നല്‍കി.അനക്കമൊന്നും ഉണ്ടായില്ല.ഇങ്ങനെ ഒരു പരാതിയേ ഇല്ലാ എന്നായിരുന്നു പിന്നീട് വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് തൊണ്ടി മുതല്‍ സംരക്ഷിക്കാനുള്ള നടപടി സ്റ്റേഷൻ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിനിര്‍ദേശം നല്‍കി.അഭയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ നിര്‍ദേശം.തെളിവ് നശിപ്പിച്ച കെടി മൈക്കിളിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കോടതി നിര്‍ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ നടപടി ഉണ്ടാകുമെന്നാണ് പൊാലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം

Comments

COMMENTS

error: Content is protected !!