ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; നാലാം തിയ്യതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആലപ്പുഴ ഇടുക്കി ജില്ലകളിലും നാലാം തിയ്യതി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വടക്കു പടിഞ്ഞാറന്‍, പടിഞ്ഞാറ് മധ്യ ബംഗാള്‍ ഉള്‍ക്കടലിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെട്ടശേഷമേ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താന്‍ കഴിയൂ.
അഞ്ചാം തിയ്യതി വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട. തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദേശമുണ്ട്.
കേരളത്തില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1869.9 മില്ലിമീറ്റര്‍ ലഭിച്ചു.
Comments
error: Content is protected !!