CALICUTMAIN HEADLINES

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേയ്ക്ക് പോകുമ്പോള്‍ എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളും, ഡെങ്കിപ്പനി, മലമ്പനി തുടങ്ങി കൊതുകു പരത്തുന്ന രോഗങ്ങളും പടര്‍ന്നു പിടിക്കാതിരിക്കാനുളള മുന്‍കരുതലുകളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടതാെണന്ന്്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വീടും പരിസരവുംവൃത്തിയാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ കൈയ്യുറ, കാലുറ, മാസ്‌ക് എന്നിവ ധരിക്കണം. കൂടാതെ എലിപ്പനിക്കെതിരെയുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കോണ്ടതാണ്. ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വീടിന്റെ തറയും പരിസരവും ക്ലോറിന്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.  മൂന്ന്് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റിലെടുത്ത്അല്‍പ്പം വെള്ളംചേര്‍ത്ത്  കുഴമ്പുരൂപത്തിലാക്കുകയും അതിലേയ്ക്ക് ഒരുലിറ്റര്‍ വെള്ളം ചേര്‍ത്ത് പത്ത് മിനിറ്റ് വെച്ചതിന് ശേഷം തെളിവെള്ളം എടുത്ത് ക്ലോറിന്‍ ലായനിയായി ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടുന്ന സ്ഥലങ്ങളില്‍ കുമ്മായവും ബ്ലീച്ചിംഗ്പൗഡറും 4:1 എന്ന അനുപാതത്തില്‍ (അതായത് 1 കിലോ  കുമ്മായത്തിന് 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) ചേര്‍ത്ത് വിതറണം.
കിണറുകള്‍ നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. ആദ്യതവണ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തണം. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം കണക്കില്‍ ആകെ ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റിലെടുത്ത് കുഴമ്പുരൂപത്തിലാക്കി ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളംചേര്‍ത്ത് നന്നായി കലക്കി 10 മിനുട്ട് തെളിയുവാന്‍ അനുവദിക്കുക. വെള്ളംകോരുന്ന ബക്കറ്റിലേയ്ക്ക്തെളി വെള്ളം ഒഴിച്ച് സാവധാനം കിണറ്റിലേയ്ക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ക്ലോറിന്‍ ലായനി കിണര്‍വെള്ളത്തില്‍ നന്നായി കലര്‍ത്തുക.  ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം.
വെള്ളപ്പൊക്കത്തിനുശേഷം ഉണ്ടാകാന്‍ ഏറ്റവും സാധ്യത ഉള്ള ഒരു മാരകരോഗമാണ്എലിപ്പനി.  എലികളുടെ മൂത്രത്തിലൂടെയാണ് ഈ രോഗം പ്രധാനമായും വ്യാപിക്കുന്നത്.  കൈകാലുകളിലെ മുറിവുകള്‍, പോറലുകള്‍ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവശിക്കുന്നത്.  മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും, കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കും,  വെള്ളക്കെട്ടില്‍ ഇറങ്ങി മീന്‍ പിടിക്കുകയും കുളിക്കുകയും ചെയ്യുന്നവര്‍ക്കും എലിപ്പനി പിടിപെടാന്‍ സാധ്യതയുണ്ട്.  ഇത്തരക്കാര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയില്‍ ഒരുദിവസം 200 മി.ഗ്രാം വീതം കഴിക്കേണ്ടതാണ്.  ശരീരത്തില്‍മുറിവുള്ളവര്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക.
വയറിളക്കം, മഞ്ഞപ്പിത്തം, തുടങ്ങിയ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ വരാതിരിക്കാന്‍ വ്യക്തിശുചിത്വവും, ആഹാരശുചിത്വവും, പരിസരശുചിത്വവും കര്‍ശനമായി പാലിക്കേണ്ടതാണ്.  കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.  മലവിസര്‍ജ്ജനത്തിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വീടുകളുടെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  ഡെങ്കിപനി, ചിക്കുന്‍ഗുനിയ, മുതലായ കൊതുകുപരത്തുന്ന രോഗങ്ങളുടെ വ്യാപനം തടയാന്‍ ഇത് മൂലം സാധിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button