ദേശീയപാത ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാകുന്നു
കൊയിലാണ്ടി :ദേശീയപാത വികനത്തിന്റെ ഭാഗമായ കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ പ്രദേശത്ത് തണ്ണീർത്തടം നികത്തൽ വ്യാപകമാകുന്നു. ബൈപ്പാസ് നിർമ്മാണത്തിന് ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിൽ നിക്ഷേപിച്ചു. ഉള്ളിയേരി വില്ലേജിലെ തന്നെ കണയംകോട് പാലത്തിന് സമീപത്ത് പുഴയിൽ നിക്ഷേപിച്ചതണ് പരിശോധനയിൽ കണ്ടെത്തിയത്.
പ്രസ്തുത സ്ഥലത്തുനിന്നും തണ്ണീർത്തടം നികത്തുന്നതിന് സാധനങ്ങൾ എത്തിച്ച വഗാഡ് ഇൻഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലോറി കൊയിലാണ്ടി തഹസിൽദാർ ഭൂരേഖ ഹരീഷ് കെ കസ്റ്റഡിയിൽ എടുത്തു. ഇതേ രീതിയിൽ തണ്ണീർത്തടം നികത്താനായി കൊണ്ടുവന്നിരുന്നു ഹിറ്റാച്ചി കഴിഞ്ഞദിവസം ഉള്ളിയേരി വില്ലേജ് ഓഫീസർ കസ്റ്റഡിയിൽ എടുത്തിരുന്നു. ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായ രീതിയിൽ തണ്ണീർതടം നികത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും തഹസിൽദാർ അറിയിച്ചു.