LOCAL NEWSTHAMARASSERI
ദേശീയ അംഗീകാര നിറവിൽ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി
താമരശ്ശേരി: കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലെ ദേശീയ ആരോഗ്യമിഷൻ ഗുണമേന്മയോടെയുള്ള പ്രവർത്തനത്തിന് ഏർപ്പെടുത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ് സ്വന്തമാക്കി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി.
ഒ.പി, ഐ.പി, പി.പി. യൂണിറ്റ്, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ന്യൂബോൺ കെയർ യൂണിറ്റ്, ഓക്സിലറി, ജനറൽ അഡ്മിനിസ്‌ട്രേഷൻ, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ്, ഫാർമസി, റേഡിയോളജി, കാഷ്വാലിറ്റി എന്നീ 13 വിഭാഗങ്ങളിലെ ഗുണനിലവാരവും പ്രവർത്തനമികവുമാണ് ആശുപത്രിയെ അംഗീകാരത്തിനർഹമാക്കിയത്. ഓഗസ്റ്റ് എട്ട്, ഒമ്പത്, 10 തീയതികളിൽ ആശുപത്രിയിൽ ഗുണമേന്മാപരിശോധന നടത്തിയ വിദഗ്ധസമിതി 93.6 ശതമാനം മാർക്കാണ് നൽകിയിരിക്കുന്നത്.
ആശുപത്രിയിലെ ഭൗതികസൗഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, അവശ്യമരുന്നുകളുടെ ലഭ്യത, മാലിന്യനിർമാർജനം, രോഗികളുടെ വിലയിരുത്തൽ തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ദേശീയ അംഗീകാരം ലഭ്യമായതോടെ പ്രതിവർഷം ഒരു ബെഡ്ഡിന് പതിനായിരം രൂപ വീതം കേന്ദ്രവിഹിതമായി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്ക് ലഭ്യമാവും.
ഗ്രാൻറ് തുകയുടെ 25 ശതമാനം ജീവനക്കാർക്ക് ഇൻസെന്റീവും ബാക്കിതുക ആശുപത്രിയിലെ രോഗിസൗഹൃദ അന്തരീക്ഷം മികവോടെ നിലനിർത്താനും ഉപയോഗപ്പെടുത്താവുന്നതാണ്. മൂന്നുവർഷ കാലാവധിയുള്ള എൻ.ക്യു.എ.എസ്. സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി മൂന്നാംവർഷം കേന്ദ്രവിദഗ്ധസംഘം ആശുപത്രിയിലെത്തി പരിശോധനയും സർവൈലൻസ് ഓഡിറ്റും നടത്തും. ആശുപത്രിയിൽ ഗുണനിലവാരം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിന്റെ സംസ്ഥാനതല പരിശോധനയും നടക്കും.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെ തേടി അംഗീകാരങ്ങൾ വരുന്നത് ഇതാദ്യമായല്ല. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചിത്വം നിലനിർത്തുന്ന ആശുപത്രികൾക്കുള്ള കായകല്പ് പുരസ്കാരപ്പട്ടികയിൽ 2017-18-ൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തായിരുന്നു ഈ സർക്കാർ ആശുപത്രി. തൊട്ടടുത്തവർഷം പ്രോത്സാഹനപുരസ്കാരവും ലഭിച്ചു. ആശുപത്രികളിലെ ഗുണമേന്മയ്ക്കുള്ള കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേഡ് ഹോസ്പിറ്റൽസ് അംഗീകാരം 2012 മുതൽ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്ക് സ്വന്തമാണ്. ഒ.പി.-ഐ.പി. വിഭാഗത്തിലും വിവിധ ചികിത്സാവിഭാഗങ്ങളിലുമായി മികച്ച സേവനം നൽകിവരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആയിരക്കണക്കിന് രോഗികളാണ് പ്രതിദിനം ചികിത്സ തേടുന്നത്. ആശുപത്രിയിലെ ആംബുലൻസിനുപുറമേ ‘108’ ജീവൻരക്ഷാ ആംബുലൻസിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ആത്മാർഥതയുടെ വിജയം
ഡോ. എം. കേശവനുണ്ണി (താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്)
എല്ലാവിഭാഗം ജീവനക്കാരുടെയും ആത്മാർഥതയുടെയും കൂട്ടായ പരിശ്രമത്തിന്റെയും വിജയമാണ് ആശുപത്രിക്ക് ലഭിച്ച ദേശീയ അംഗീകാരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം. കേശവനുണ്ണി. എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യവകുപ്പും ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുമെല്ലാം നിർലോഭമായ സഹകരണമാണ് നൽകിയത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി ചികിത്സയും പരിചരണവും ദേശീയനിലവാരത്തിലേക്ക് ഉയർത്തി നിലനിർത്തേണ്ടതുണ്ട്. ജീവനക്കാരുടെ പിന്തുണയോടെ സാധാരണക്കാരായ രോഗികൾക്ക് ഇനിയുംകൂടുതൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാക്കാൻ ശ്രമിക്കും.
Comments