ദേശീയ-സംസ്ഥാന പാതകളിലെ കുഴികള്‍ മൂന്ന് ദിവസത്തിനകം അടയ്ക്കണം – ജില്ലാ കലക്ടര്‍
എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍, എന്‍എച്ച്എഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ എന്നിവര്‍ പയ്യോളി, രാമനാട്ടുകര, പന്തീരാങ്കാവ് ഉൾപ്പെടെയുള്ള ജില്ലയിലെ ബൈപ്പാസുകളിലെയും ദേശീയ ഹൈവേകളിലെയും ദേശീയ ഹൈവേ ബൈപാസിലെയും കുഴികള്‍ നന്നാക്കാന്‍ മൂന്ന് ദിവത്തിനകം അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും വേണം.
പിഡബ്ല്യുഡി എന്‍.എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിഡബ്ല്യുഡി (റോഡുകള്‍) എന്നിവര്‍ ദേശീയപാതയിലെയും സംസ്ഥാന ഹൈവേയിലെയും പി.ഡബ്ല്യു.ഡിയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന മറ്റ് റോഡുകളുടെയും കുഴികള്‍ നികത്താൻ അടിയന്തര നടപടികള്‍ കൈക്കൊള്ളണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍വേ നടത്തി സ്വീകരിച്ച നടപടികളെക്കുറിച്ച് ഡിഡിഎംഎയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അറ്റകുറ്റപ്പണികള്‍ നേരിട്ടോ കരാര്‍ കാലാവധി നിലവിലുണ്ടെങ്കില്‍ കരാറുകാര്‍ വഴിയോ നടത്തണം. കുഴികള്‍ അടക്കുന്നതിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള ഉത്തരവാദിത്തം കരാറുകാര്‍ക്കും അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും.
നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.