ധന വകുപ്പ് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് എട്ട് സ്ഥാപനങ്ങളിലെ ശമ്പളം മുടങ്ങി
ധന വകുപ്പ് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് എട്ട് സ്ഥാപനങ്ങളിലെ ശമ്പളം മുടങ്ങി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്.
ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശൂര്‍, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, കേരള സ്‌ക്കൂള്‍ ഒഫ് മാത്തമാറ്റിക്സ്, ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബേസിക്ക് സയന്‍സസ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ്, നാറ്റ്പാക്ക് എന്നീ സ്ഥാപനങ്ങളിലാണ് ശമ്പളത്തിന് പണം ലഭിക്കാത്തത്. പദ്ധതിയേതര വിഹിതത്തില്‍ നിന്നു പണം അനുവദിക്കുന്നതിനുള്ള ഫയല്‍ ധനകാര്യവകുപ്പില്‍ കുരുങ്ങിയതാണ് കാരണം.
ഈ സ്ഥാപനങ്ങള്‍ എല്ലാമാസവും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നല്‍കും. തുടര്‍ന്ന് ഫയല്‍ സെക്രട്ടേറിയറ്റിലെ ഭരണവിഭാഗം പരിശോധിച്ച് ധനകാര്യവകുപ്പിന് കൈമാറും. പതിവ് പോലെ നടപടികള്‍ പുരോഗമിച്ചെങ്കിലും ധനകാര്യ വകുപ്പിലെത്തിയപ്പോള്‍ കുടുങ്ങി. ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ പരിഗണണിയിലാണ് ഫയല്‍ ഇപ്പോഴുള്ളത്.