MAIN HEADLINESUncategorized

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

 

മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.

എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി. സിപിഐ എമ്മിന്റെ പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളി സങ്കേതമായിരുന്നു. എകെജി അയച്ച കത്ത്  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

1922 ഒക്ടോബര്‍ 25ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം.

തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതിനേടി. തുടര്‍ന്ന് പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. മക്കള്‍: ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മകളുടെ ഭര്‍ത്താവാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button