KERALA

നടിയെ ആക്രമിച്ച കേസ്‌:രഹസ്യ വിചാരണ ആരംഭിച്ചു, നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇതിനായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

 

ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. ഇത് ഏകദേശം നാലു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും.

 

2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കമെന്നും ദിലീപ് ഈ ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍. ദിലീപിന് മേല്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികള്‍ ചെയ്ത കുറ്റങ്ങളും ദിലീപില്‍ ആരോപിക്കപ്പെടും. ചലച്ചിത്ര പ്രവര്‍ത്തകരുടേത് അടക്കം 32 ഓളം രഹസ്യമൊഴികളും കേസില്‍ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കും രണ്ടുപേര്‍ ഈ കേസില്‍ മാപ്പുസാക്ഷികളാണ്.

 

പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രതിചേര്‍ത്ത രണ്ട് അഭിഭാഷകരെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 

ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികള്‍ ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഉണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button