നടിയെ ആക്രമിച്ച കേസ്: ദിലീപ് കോടതിയിൽ ഹാജരായി; വിചാരണ ഈ മാസം 29 മുതൽ

 

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 29ന് ആരംഭിക്കും. കുറ്റപത്രം വായിച്ചു കേൾക്കാൻ നടൻ ദിലീപ് ഉൾപ്പടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. വിചാരണക്കാര്യത്തിൽ എല്ലാ പ്രതികളുടെയും അഭിപ്രായം കോടതി ആരാഞ്ഞു. അന്തിമ തീരുമാനം നാളെയുണ്ടാകും. ഇന്ന് മുഴുവൻ പ്രതികളും ഹാജരാകണമെന്ന് വിചാരണക്കോടതി ശനിയാഴ്ച നിർദേശം നൽകിയിരുന്നു.

ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം നിലനിൽക്കുന്നതിനാൽ വിചാരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതികളോട് ഇന്നു തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടത്. നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

 

കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ ആവശ്യമെങ്കിൽ മേൽക്കോടതിയെ സമീപിക്കുന്നതിന് ദിലീപിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈകാതെ ദിലീപ് മേൽക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം മേൽക്കോടതിയെ സമീപിക്കാൻ പത്തു ദിവസം നൽകണമെന്നും തുടർ നടപടികൾ നിർത്തിവയ്ക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
Comments

COMMENTS

error: Content is protected !!