നന്ദലാൽ ബോസ് അവാർഡ് ചിത്രകാരൻ സായിപ്രസാദിന്
കൊയിലാണ്ടി:ബംഗാൾ ആസ്ഥാനമായിപ്രവർത്തിക്കുന്ന ബി.എം. ഫൈൻ ആർട്ട് ആന്റ് കൾച്ചർസൊസൈറ്റിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഇന്റർനാഷനൽ ലെജന്റ്സ് ആർട്ടിസ്റ്റ് ഷോ 2022 ലെ നന്ദലാൽ ബോസ് അവാർഡ് സായി പ്രസാദ് ചിത്രകൂടത്തിന് ലഭിച്ചു. ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ് ബംഗാളിത്തനിമ നിലനിർത്തിക്കൊണ്ട് ഭാരതീയ ചിത്രകലയെ ഉപാസിച്ചുപോന്ന അദ്ദേഹം തന്റെ കൃതികളിൽ സ്വീകരിച്ച ശൈലികൊണ്ട് ഖ്യാതി നേടിയ കലാകാരനാണ്. അദ്ദേഹത്തിന്റെ കൃതികൾ പുരാവസ്തുക്കളല്ലാതിരുന്നിട്ടുകൂടി, 1976-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, മറ്റ് കലാകാരന്മാരുടെ കൃതികൾക്കൊപ്പം, ഇദ്ദേഹത്തിൻ്റെ സൃഷ്ടികളും ഇന്ത്യൻകലയിലെ “അമൂല്യനിധികൾ” ആയി പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്.
എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ്റെ ക്രിയേറ്റീവ് ആർട്ടിസ്റ്റ് അവാർഡ്, അബനീന്ദ്ര ടാഗോർ അവാർഡ്, കലാരത്നം അവാർഡ്,പിക്കാസോ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ സായി പ്രസാദിനെ തേടിയെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ നിരവധി ചിത്രങ്ങൾ അന്താരാഷ്ട്ര എക്സിബിഷനുകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.